തിരുവനന്തപുരം: ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ രാജ്യത്തെ മതനിരപേക്ഷ ബോധം ഹനിക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് സാംസ്കാരിക മന്ത്രി എകെ ബാലൻ നിയമസഭയെ അറിയിച്ചു. അവാർഡിന് അർഹമായ കാർട്ടൂൺ പ്രത്യേക മത വിഭാഗത്തിന്‍റെ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ തീരുമാനം പുന:പരിശോധിക്കാൻ അക്കാദമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാങ്കോ മുളക്കലിനെ കാർട്ടൂണിൽ ഉൾപ്പെടുത്തിയതിനെ അംഗീകരിക്കുമ്പോൾ തന്നെ അതിലൂടെ ഏതെങ്കിലും മത വിഭാഗങ്ങളെയോ അവരുടെ മതചിഹ്നങ്ങളെയോ അവഹേളിക്കുന്നതിനെ സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മത ചിഹ്നങ്ങളെ അവഹേളിക്കുന്നത് അടിസ്ഥാന മതേതര മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് സർക്കാർ യോജിക്കുകയാണെന്നും മന്ത്രി ബാലൻ പറഞ്ഞു.
സുഭാഷ് കെ കെ ഹാസ്യകൈരളിയില്‍ വരച്ച കാര്‍ട്ടൂണാണ് വിവാദമായത്. സംസ്ഥാന ലളിതകലാ അക്കാദമി കഴിഞ്ഞ വര്‍ഷം നല്‍കിയ അവാര്‍ഡിനെതിരെ കെസിബിസി ഉള്‍പ്പെടെ രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്.