തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ തിരിമറി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ പോസ്റ്റൽ ബാലറ്റുകൾ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. അന്‍പതിനായിരം വോട്ടുകൾക്ക് തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനാകുമെന്നും നേരത്തെ വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ പൂർണമായി തിരിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ ഗുരുതര അട്ടിമറിയാണ് നടന്നത്. ഇതിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ടിക്കാറാം മീണക്ക് രണ്ട് തവണ കത്ത് നല്‍കിയിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പൊലീസുകാർക്ക് ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ വഴി നേരിട്ട് വോട്ട് ചെയ്യുന്നതിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. വോട്ടെണ്ണുന്നതിന് ഇനിയും രണ്ടാഴ്ച ബാക്കിയുള്ളതിനാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ സാവകാശമുണ്ട്. തിരിമറി നടത്തിയ അസോസിയേഷൻ നേതാക്കൾക്കും ഒത്താശ ചെയ്തവർക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.