കൊച്ചി: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനി ആലുവയിൽ എക്സൈസ് പിടിയിൽ. 'സ്നിപ്പർ ഷേക്ക്' എന്നറിയപ്പെടുന്ന സിദ്ദിഖ് എന്നയാളെയാണ് ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 120 മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു.
ഈ മാസം ആദ്യം സേലത്തു നിന്ന് മയക്കുമരുന്ന് കടത്തിയിരുന്ന രണ്ടു യുവാക്കൾ 90 മയക്കു ഗുളികളുമായി എക്‌സൈസിന്റെ പിടിയിലായിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവരുടെ തലവാനായ സ്നിപ്പർ ഷേക്ക് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. സേലം ,പുതുച്ചേരി എന്നിവിടങ്ങളിൽ ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള പ്രതി അവിടെനിന്നും മയക്കുമരുന്നുകൾ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. ഇയാൾക്ക് സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ ഏജന്റുമാർ ഉള്ളതായും പറയുന്നു.
സ്കൂൾ-കോളജ് വിദ്യാർഥികളാണ് പ്രധാനമായും ഇയാളുടെ ഇരകൾ. സൗഹൃദം സ്ഥാപിച്ച ശേഷം ടെസ്റ്റ് ഡോസ് എന്ന രീതിയിൽ സൗജന്യമായി മയക്കുമരുന്നുകൾ നൽകി, ഇവരെ വലയിൽ ആക്കുകയാണ് ചെയ്തിരുന്നത്. പ്രതിയുടെ ഫോൺകോൾ രേഖകൾ പരിശോധിച്ചതിൽ വിദ്യാർഥികളും വീട്ടമ്മമാരും വരെ കെണിയിൽ പെട്ടെന്നാണ് എക്സൈസ് നൽകുന്ന സൂചന. ആലുവയിലുള്ള കോളജുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണവും എത്തിച്ചേർന്നത് സ്നിപ്പർ ഷേക്കിൽ തന്നെയായിരുന്നു. ആലുവയിലെ ഏജന്റിന് മയക്കുമരുന്ന് കൈമാറുന്നതിന് ആലുവ യുസി കോളേജിൽ സമീപം നിൽക്കുകയായിരുന്ന പ്രതിയെ എക്സൈസ് കൈയ്യോടെ പിടികൂടി. കൊല്ലം സ്വദേശിയായ ഇയാൾ ഇപ്പോൾ അത്താണിയിലാണ് സ്ഥിരതാമസം. ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങിയിരുന്ന ഉപഭോക്താക്കൾ ഒളിവിലാണ്. കൂടുതൽ പേർ അറസ്റ്റിലാകുമെന്ന എക്സൈസ് അധികൃതർ അറിയിച്ചു.