ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഡൈവേർഷൻ അണക്കെട്ടായ കല്ലാർ ഡാം തുറന്നു. കാലവർഷമുന്നൊരുക്കത്തിൻ്റെ ഭാഗമായി അറ്റകുറ്റപ്പണികൾക്കായിട്ടാണ് വിവിധ ഡൈവേർഷൻ ഡാമുകൾ തുറക്കുന്നത്. കല്ലാർ ഡാമിൻ്റെ ഷട്ടർ 10 സെ മീ ഉയർത്തി, 10 ക്യുമെക്സ് വെള്ളമാണ് തുറന്നു വിട്ടത്.
ട്രയൽ റണ്ണിൻ്റെ ഭാഗമായി ഡാമിൽ സ്ഥാപിച്ചിരിക്കുന്ന സൈറണ്‍ മുഴക്കി അപാകതകളില്ലന്ന് വിലയിരുത്തി. കാലവർഷത്തിന് മുന്‍പേ ഇടുക്കി ഡാമിൻ്റെ എല്ലാ ഡൈവേർഷൻ ഡാമുകളുടെയും അറ്റകുറ്റപ്പണികൾ തീർക്കും. ഷട്ടറുകൾ, യന്ത്രസാമഗ്രികൾ, സയറണുകൾ, ഗ്രാഫ് മാർക്കിംഗ് തുടങ്ങിയവ പരിശോധിക്കുന്നതിനൊപ്പം തുരങ്ക പാതകളും സുഗമമാക്കും. വരും ദിവസങ്ങളിൽ മറ്റ് ഡൈവേർഷൻ ഡാമുകളുടെ അറ്റകുറ്റപ്പണികളും പരിശോധിക്കും.
Also Read: വോട്ടെണ്ണൽ ദിനത്തിലെ കൊവിഡ് മാർഗ നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി
അതേസമയം കല്ലാർ ഡാം തുറന്നതോടെ നിരവധി ആളുകളാണ് മീന്‍ പിടിക്കാനായി എത്തിയത്. കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ യാതൊരു നിയന്ത്രണങ്ങളൊന്നും പാലിക്കാതെയാണ് ആളുകള്‍ കൂട്ടം കൂടിയത്. പൊലീസ് വിരട്ടിയോടിച്ചിട്ടും ആളുകൾ പിൻമാറാൻ കൂട്ടാക്കിയില്ല. ഡാം തുറക്കുന്നതിന് മുന്നേ തന്നെ നിരവധി ആളുകൾ 3, 4,1 ഷട്ടർ മുഖങ്ങൾക്ക് മുന്നിൽ കമ്പുകളും വെട്ടുകത്തിയും മറ്റുമായി സ്ഥാനം ഉറപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഡാം വിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ നെടുങ്കണ്ടം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ആളുകളെ ഷട്ടർ മുഖത്തുനിന്നും വിരട്ടിയോടിച്ചെങ്കിലും ഡാം തുറന്നപ്പോൾ മറുവശത്തുകൂടി എത്തി ഡാമിൻ്റെ ഉള്ളിലേക്ക് കൂട്ടമായി ഇറങ്ങുകയായിരുന്നു.
കുട്ടികളും യുവാക്കളും അടങ്ങുന്ന അമ്പതോളം പേരടങ്ങുന്ന സംഘമാണ് കൂട്ടമായി ഡാമിലേക്കിറങ്ങിയത്. കഴിഞ്ഞ മാസം ഡാമിൽ വീണ് മീൻ പിടിക്കുവാനെത്തിയ യുവാവ് മരിച്ചതിനെ തുടർന്ന് മീൻപിടുത്തവും ഡാമിൽ ഇറങ്ങുന്നതും നിരോധിച്ചിരുന്നു.