ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ജോക്കോ വിഡോഡോ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആരംഭിച്ച പ്രതിപക്ഷ പ്രക്ഷോഭം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി തലസ്ഥാനത്ത് ആയിരത്തോളം പേര്‍ പങ്കെടുത്ത പ്രകടനം അക്രമാസക്തമായി. കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. കല്ലേറ് രൂക്ഷമായതിന് പിന്നാലെ പ്രക്ഷോഭകാരികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേ നിരവധി പേരെ കരുതല്‍ തടങ്കിലാക്കിയിരുന്നു. അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി നല്‍കി. പ്രതിഷേധം ഇനിയും രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കി. പ്രതിഷേധങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ പദ്ധതിയിട്ട നിരവധി തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നലെയാണ് പുറത്ത് വന്നത്. നിലവിലെ പ്രസിഡന്‍റ് വിഡോഡോക്ക് 55.5% വോട്ടും പ്രതിപക്ഷ നേതാവ് പ്രബോവൊ സുബിയാന്‍റോക്ക് 44.5% വോട്ടും ലഭിച്ചു. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്നും ഫലം ഭരണഘടനാ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും സുബിയാന്‍റോ പക്ഷം പ്രഖ്യാപിച്ചു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ക്രമക്കേട് നടന്നെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ തള്ളിക്കളഞ്ഞിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് ശേഷം വിഡോഡോയോട് തോറ്റ പ്രബോവൊ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി കോടതി നിരസിച്ചിരുന്നു.