അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ടേബിള്‍ ടോപ്പറായ ഡല്‍ഹിക്കൊപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും കൂട്ടരും മോട്ടേരയിലെ ഐപിഎല്‍ പോരാട്ടത്തിന് എത്തുന്നത്. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത ആഗ്രഹിക്കുന്നത് സീസണിലെ മൂന്നാമത്തെ മാത്രം ജയമാണ്.
സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രം അക്കൗണ്ടിലുള്ള ഓയിന്‍ മോര്‍ഗനും കൂട്ടര്‍ക്കും നാല് പോയിന്‍റ് മാത്രമാണുള്ളത്. മറുഭാഗത്ത് അഗ്രസീവായ പ്രകടനം പുറത്തെടുക്കുന്ന ആര്‍സിബിക്ക് ഇത്രയും മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റാണുള്ളത്. രണ്ട് തവണ മാത്രം പരാജയപ്പെട്ട കോലിയും കൂട്ടരും പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ്. കൊല്‍ക്കത്ത ഏഴാമതും.
ആര്‍സിബി എത്തുന്നത് അപ്രതീക്ഷിത തോല്‍വിക്ക് ശേഷം
അതേസമയം പഞ്ചാബ് കിങ്‌സിനെതിരായ അവസാന മത്സരത്തിലെ അപ്രതീക്ഷിത തോല്‍വി ആര്‍സിബി ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. പഞ്ചാബ് ഉയര്‍ത്തിയ ശക്തമായ വിജയം ലക്ഷം പിന്തുടര്‍ന്ന ആര്‍സിബിക്ക് 34 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മൊട്ടേരയില്‍ നടന്ന പഞ്ചാബിനെതിരായ മത്സരത്തില്‍ വിരാട് കോലി, രജത് പട്ടീദാര്‍, കെയില്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. സീസണില്‍ മൊട്ടേരയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ആര്‍സിബി പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയത്. ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ കഷ്‌ടിച്ച് ഒരു റണ്‍സിന്‍റെ ജയം മാത്രമാണ് ബാംഗ്ലൂര്‍ നേടിയത്.
ഇന്ന് വീണ്ടും ഇറങ്ങുമ്പോള്‍ ആര്‍സിബി ക്യാമ്പില്‍ മൊട്ടേരയിലെ പിച്ച് ആശങ്കകളുണ്ടാക്കും. പഞ്ചാബിനെതിരെ പരാജയപ്പെട്ടെങ്കിലും ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ കോലി മുതിരുന്ന കാര്യം സംശയമാണ്. സീസണില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ആര്‍സിബി നിരയില്‍ വലിയ മാറ്റങ്ങളുണ്ടാകില്ല. സീസണില്‍ വിക്കറ്റ് വീഴ്‌ത്തുന്നതില്‍ പിന്നില്‍ നില്‍ക്കുന്ന യുസ്‌വേന്ദ്ര ചഹലിന് പകരം സ്‌പിന്നറെ പരീക്ഷിക്കാന്‍ കോലി മുതിര്‍ന്നേക്കും.
കളം പിടിക്കാതെ കൊല്‍ക്കത്ത
മറുഭാഗത്ത് കൊല്‍ക്കത്ത ഓപ്പണിങ് കൂട്ടുകെട്ടില്‍ ഉള്‍പ്പെടെ ബാറ്റിങ് ഓര്‍ഡറില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഓപ്പണര്‍മാരായ നിതീഷ് റാണയും ശുഭ്‌മാന്‍ ഗില്ലിനും ഇതേവരെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കാനായിട്ടില്ല. സീസണില്‍ ഓപ്പണര്‍മാര്‍ ഫോമിലേക്ക് ഉയര്‍ന്ന ഒരു മത്സരത്തില്‍ മാത്രമാണ് കൊല്‍ക്കത്ത ജയം സ്വന്തമാക്കിയത്. ഓപ്പണിങ്ങില്‍ മാത്രമല്ല മിഡില്‍ ഓര്‍ഡറിലും കൊല്‍ക്കത്തയുടെ ബാറ്റ്‌സ്‌മാന്‍മാര്‍ അവസരത്തിനൊത്ത് ഉയരുന്നില്ല. ഇതിന്‍റെയെല്ലാം സമ്മര്‍ദം വാലറ്റത്ത് പാറ്റ്‌കമ്മിന്‍സ് ഉള്‍പ്പെടെയാണ് നേരിടുന്നത്. നിലവിലെ സാഹചര്യത്തില്‍ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നാലെ സീസണില്‍ കൊല്‍ക്കത്തക്ക് പ്ലേ ഓഫ് യോഗ്യത നേടാനാകൂ.
ഇരു ടീമുകളും 27 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14 തവണ കൊല്‍ക്കത്തയും 13 തവണ ആര്‍സിബിയും ജയം സ്വന്തമാക്കി. അതേസമയം കഴിഞ്ഞ രണ്ട് സീസണുകളിലെയും കണക്കുകള്‍ ആര്‍സിബിക്കൊപ്പമാണ്. രണ്ട് സീസണുകളിലായി നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ബാംഗ്ലൂരിനായിരുന്നു ജയം.