ബാഴ്‌സലോണ: നാളെ നടക്കുന്ന വില്ലാറയലിനെതിരായ മത്സരത്തില്‍ ബാഴ്‌സലോണയുടെ പ്രതിരോധ താരം ജൂനിയര്‍ ഫിര്‍പോ കളിച്ചേക്കില്ല. ഇടുപ്പിന് പരിക്കേറ്റത് കാരണമാണ് താരം മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ബാഴ്‌സ പ്രസ്താവനയിലൂടെ വ്യക്തമാക്കി. നേരത്തെ എവേ മത്സരത്തിനുള്ള ബാഴ്സയുടെ സംഘത്തില്‍ സ്പാനിഷ് താരം ഫിര്‍പോയെ ഉള്‍പ്പെടുത്തിയിരുന്നു. ഫിര്‍പോയുടെ അസാന്നിധ്യം ബാഴ്സയുടെ പ്രതിരോധത്തില്‍ ചെറിയ ആശങ്കയുണ്ടാക്കുന്നുണ്ട്. മുട്ടിന് പരിക്കേറ്റത് കാരണം മറ്റൊരു പ്രതിരോധ താരം സാമുവല്‍ ഉംറ്റിറ്റിയും വില്ലാറയലിനെതിരെ കളിക്കില്ല.
തൊട്ടുമുമ്പത്തെ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് സമനില വഴങ്ങിയ ബാഴ്‌സലോണ കടുത്ത സമ്മര്‍ദത്തിലാണ്. ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാലെ കിരീട പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്താന്‍ ബാഴ്‌സക്ക് സാധിക്കൂ. ലീഗിലെ പോയിന്‍റ് പട്ടികയില്‍ 70 പോയിന്‍റുമായി ബാഴ്‌സലോണ രണ്ടാമതാണ്. ലീഗില്‍ അഞ്ച് മത്സരങ്ങളാണ് ബാഴ്സലോണക്ക് ശേഷിക്കുന്നത്.