ദുബായ്: ആഗോളതലത്തിൽ പ്രമുഖരായ വ്യക്തികൾക്ക് മാത്രം നൽകുന്ന യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി വിദ്യാർഥിനി. പഠന മികവ് തെളിയിച്ചതിനാണ് ഷാർജ യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയും മലയാളിയുമായ തസ്‌നീം അസ്‌ലമിന് വിദ്യാർഥി വിഭാഗത്തിൽ ഗോൾഡൻ വിസ ലഭിച്ചത്. വിസ പ്രകാരം 2031 വരെ രാജ്യത്ത് തുടരാൻ അനുവാദമുണ്ട്.
തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണിതെന്നും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ തന്‍റെ മാതാപിതാക്കളുടെ പിന്തുണ വളരെ വലുതാണെന്നും തസ്‌നീം പ്രതികരിച്ചു. ഷാർജയിലെ അൽ കാസിമിയ യൂണിവേഴ്‌സിറ്റിയിൽ സ്‌കോളർഷിപ്പോടെ നാലു വർഷം ബിരുദം പഠിച്ച തസ്‌നീം 72 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ പിന്തള്ളി ശരാശരി (ജിപിഎ) 4 ന് 3.94 പോയിന്‍റുകളോടെയാണ് ഒന്നാം റാങ്ക് നേടിയത്.
സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിദേശികളെ പ്രാപ്തരാക്കുന്ന ദീർഘകാല റസിഡന്‍റ് വിസകൾക്കായി 2019ലാണ് യുഎഇ സർക്കാർ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. അഞ്ചോ പത്തോ വർഷത്തെ കാലാവധി ഗോൾഡൻ വിസകൾക്ക് നൽകപ്പെടും. കൂടാതെ ഇവ സ്വയമേവ പുതുക്കപ്പെടുകയും ചെയ്യും. സാധാരണഗതിയിൽ 10 വർഷത്തെ ഗോൾഡൻ വിസ ലക്ഷ്യമിടുന്നത് രാജ്യത്ത് താമസിച്ചുകൊണ്ട് യുഎഇയിൽ കാര്യമായ നിക്ഷേപം നൽകാൻ താൽപ്പര്യമുള്ള സമ്പന്നരായ വ്യക്തികളെയാണ്. സംരംഭകരെ കൂടാതെ, ഡോക്ടർമാർ, ഗവേഷകർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ തുടങ്ങിയ പ്രത്യേക കഴിവുള്ള വ്യക്തികൾക്കും വിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ ഹൈസ്കൂൾ, യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് യുഎഇയിൽ അഞ്ച് വർഷത്തെ റെസിഡൻസി വിസയ്ക്ക് അർഹതയുണ്ട്. അടുത്തിടെ ബോളിവുഡ് നടൻ സഞ്ജയ് ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു.
Also Read: 11 രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ