ലണ്ടൻ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മഗ്‌ദലൻ കോളേജിലെ സ്റ്റുഡന്‍റ് യൂണിയൻ (എസ്‌യു) ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയായ ഹ്യൂമൻ സയൻസസ് വിദ്യാർഥി അൻവി ഭൂട്ടാനി യൂണിയൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഓക്സ്ഫോർഡ് എസ്‌യുവിലെ വംശീയ ബോധവൽക്കരണത്തിനും സമത്വത്തിനുമുള്ള കോ-ചെയർ കാമ്പെയ്‌നും ഓക്‌സ്‌ഫോർഡ് ഇന്ത്യ സൊസൈറ്റി പ്രസിഡന്‍റുമായ അൻവി ഭൂട്ടാനി 2021-22 അധ്യയനവർഷത്തെ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് പോളിങോടെയാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഓക്സ്ഫോർഡ് ജീവിത വേതനം നടപ്പാക്കുന്നതിനും ക്ഷേമപ്രവർത്തനങ്ങളും അച്ചടക്കനടപടികളും വിശദീകരിക്കുന്നതിനും പാഠ്യപദ്ധതി വൈവിധ്യവത്കരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് ഭൂട്ടാനി പ്രചാരണവേളയിൽ ഉറപ്പ് നൽകിയിരുന്നു. വിദ്യാർഥി കാമ്പെയ്‌നുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പ്രകാരം കൂടുതൽ വൈവിധ്യമാർന്ന പാഠ്യപദ്ധതികൾക്കായി ഓക്സ്ഫോർഡ്, കൊളോണിയലിസം ഹബ് പോലുള്ള സംരംഭങ്ങൾ നടപ്പിലാക്കുമെന്നും ഭൂട്ടാനി അറിയിച്ചു. വിദ്യാർത്ഥി ദിനപത്രത്തിന്‍റെ അഭിപ്രായത്തിൽ ഉപതെരഞ്ഞെടുപ്പിലെ എക്കാലത്തെയും ഉയർന്ന പോളിങോടു കൂടിയാണ് ഭൂട്ടാനി വിജയിച്ചത്.