ഡോക്ടർമാർക്കെതിരെയുള്ള അക്രമം തടയാൻ നിയമനിർമാണം നടത്തണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് സംസ്ഥാനത്തും പൂർണ്ണം. സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനം സ്തംഭിച്ചു. സർക്കാർ ആശുപത്രികളിൽ ഒ.പി ബഹിഷ്കരണം രണ്ട് മണിക്കൂറായിരുന്നെങ്കിലും പ്രവർത്തനം തുടങ്ങാൻ വൈകിയത് രോഗികളെ വലച്ചു.
ബംഗാളിൽ ചികിത്സാപിഴവ് ആലോചിച്ച് ഡോക്ടറെ ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്നാണ് ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലായി. ഒ.പി വിഭാഗം പ്രവർത്തിച്ചില്ല. അതേസമയം അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ രാവിലെ 8 മുതൽ 10 മണി വരെ ഒ.പി ബഹിഷ്കരിച്ചു. ഇതിനെ തുടർന്ന് രാവിലെ മുതൽ ആശുപത്രിയിലെത്തി കാത്തിരുന്ന രോഗികൾ വലഞ്ഞു. പത്തുമണിക്കുശേഷം വലിയ തിരക്കാണ് സർക്കാർ ആശുപത്രികളിൽ അനുഭവപ്പെട്ടത്. പണിമുടക്കിന് ഭാഗമായി ഡോക്ടർമാരുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ഐഎംഎയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു.