റോം: ചുകന്ന ചെകുത്താന്‍മാര്‍ യൂറോപ്പ ലീഗ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുന്നു. ഇരു പാദങ്ങളിലായി നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇറ്റാലിയന്‍ കരുത്തരായ റോമയെ 5-8ന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡിന്‍റെ മുന്നേറ്റം. ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാം പാദ സെമിയില്‍ 2-3ന് റോമക്ക് ജയം സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും ഇരുപാദങ്ങളിലുമായുള്ള ഗോള്‍ ശരാശരിയില്‍ യുണൈറ്റഡിനെ മറികടക്കാനായില്ല. നേരത്തെ ആദ്യ പാദത്തില്‍ 6-2നായിരുന്നു യുണൈറ്റഡിന്‍റെ ജയം. പരിശീലകന്‍ സോള്‍ഷെയറുടെ നേതൃത്വത്തില്‍ ആദ്യമായാണ് യുണൈറ്റഡ് ഒരു മത്സരത്തിന്‍റെ കലാശപ്പോരിന് യോഗ്യത നേടുന്നത്.
റണ്ടാം പാദ സെമി ഫൈനലില്‍ യുണൈറ്റഡിനെതിരെ ശക്തമായ പോരാട്ടമാണ് റോമ പുറത്തെടുത്തത്. മത്സരത്തിന്‍റെ ആദ്യപകുതിക്ക് ശേഷം എഡിന്‍ ഡിസേക്കോ, ബ്രയാന്‍ ക്രിസ്റ്റ്യാനോ എന്നിവര്‍ റോമക്കായി ഗോളുകള്‍ സ്വന്തമാക്കി. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ഏഴ് മിനിട്ട് മാത്രം ശേഷിക്കെ യുണൈറ്റഡിന്‍റെ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ അലക്‌സ് ടെലസിലൂടെ റോമ ജയം സ്വന്തമാക്കി.
യുണൈറ്റഡിനായി യുറുഗ്വന്‍ ഫോര്‍വേഡ് എഡിസണ്‍ കവാനി ഇരട്ട ഗോള്‍ സ്വന്തമാക്കി. ഫസ്റ്റ് ഹാഫില്‍ ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ ഫ്രെഡിന്‍റെ അസിസ്റ്റിലൂടെയാണ് കവാനിയുടെ ആദ്യ ഗോള്‍. രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ലോങ് പാസ് ഹെഡറിലൂടെ കവാനി വലയിലെത്തിച്ചു.
ഇരു പാദങ്ങളിലുമായി 13 ഗോളുകളാണ് രണ്ട് ടീമുകളും ചേര്‍ന്ന് അടിച്ച് കൂട്ടിയത്. യൂറോപ്പ ലീഗിന്‍റെ ചരിത്രത്തില്‍ സെമി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന പുതിയ റെക്കോഡും ഇരുവരും ചേര്‍ന്ന് സ്വന്തമാക്കി.
ഈ മാസം 27ന് നടക്കുന്ന കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിയ്യാറയലിനെ നേരിടും.