ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിൽ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവാണ് സുപ്രീം കോടതിയിൽ ഹര്‍ജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ഗുജറാത്തിൽ റാലി നടത്തുകയും സൈനികരുടെ പേരിൽ വോട്ട് തേടി വർഗീയ ധ്രുവീകരണമുണ്ടാക്കുകയും ചെയ്തു എന്നാണ് മോദിക്കും അമിത്ഷാക്കുമെതിരെ കോൺഗ്രസ് ആരോപിക്കുന്ന പരാതികൾ.
കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. ഇന്നലെ ഇതിനെതിരെ രാഹുല്‍ ഗാന്ധി എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.