കോഴിക്കോട്: തിരക്കേറിയ കോഴിക്കോട് നഗരത്തിലെ ഇ-ടോയ്‌ലറ്റുകളുടെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു. 2011 ലാണ് കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 15 ഇ- ടോയ്ലറ്റുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചത്. ഏഴ് വർഷത്തേക്കായിരുന്നു സ്ഥാപിച്ച കമ്പനിക്ക് അറ്റകുറ്റപ്പണികളുടെ ചുമതല. ആറുമാസം മുമ്പ് കാലാവധി അവസാനിച്ചതോടെ ഇവയുടെ അറ്റകുറ്റപ്പണികൾ കമ്പനി ഏറ്റെടുക്കാതായി. ഇതേതുടർന്നാണ് നഗരത്തിലെ ഇ- ടോയ്‌ലറ്റുകളുടെ പ്രവർത്തനം നിലച്ചത്.
നഗരത്തിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച ടോയ്‌ലറ്റുകൾ നഗരത്തിലെത്തുന്നവർക്ക് ഏറെ ആശ്വാസമായിരുന്നു. തുടക്കത്തിൽ ഒരു രൂപ മുതൽ മുടക്കി ഉപയോഗിക്കാവുന്ന ടോയ്ലറ്റ് പിന്നീട് കോർപ്പറേഷൻ സൗജന്യമാക്കി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതും ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുകയാണ്. മൂന്ന് മാസം മുമ്പ് കമ്പനിക്ക് കരാർ പുതുക്കി നൽകിയെന്നും നിലവിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് പ്രവർത്തനരഹിതമായിരിക്കുന്നതെന്നും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ ആർഎസ് ഗോപകുമാർ പറഞ്ഞു.
അതേസമയം ഇ-ടോയ്‌ലറ്റുകളുടെ അറ്റകുറ്റപണി വേഗത്തിലാക്കണമെന്ന് കോർപ്പറേഷൻ പ്രോജക്ട് ഓഫീസിൽ നിന്ന് കരാർ ലഭിച്ച കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.