ആലപ്പുഴ: മഴക്കാലത്തിന് മുന്നോടിയായി ആലപ്പുഴ ജില്ലയിൽ പടർന്ന് പിടിക്കാൻ സാധ്യതയുള്ള മഴക്കാലജന്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജില്ലാതല ആരോഗ്യ ജാഗ്രത സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു യോഗം ചേർന്നത്.
മഴക്കാലത്ത് സാധാരണയായി പടർന്ന് പിടിക്കുന്ന എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്തണം എന്ന് യോഗം നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും യോഗം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ച് വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും സർക്കാർ ഓഫീസുകൾ, സ്കൂളുകൾ എന്നിവയും പരിസരപ്രദേശങ്ങളും കൃത്യമായ പദ്ധതി ഉണ്ടാക്കി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും യോഗം നിർദ്ദേശിച്ചിട്ടുണ്ട്.
വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രോഗപ്രതിരോധത്തിനായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പടർന്ന് പിടിക്കാൻ സാധ്യതയുള്ള രോഗങ്ങളെ കണ്ടെത്തി തടയുവാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടവും ജില്ലയിലെ ആരോഗ്യവകുപ്പും.