ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ഓപ്പണറായി ഇറങ്ങിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്ക്സ് സ്റ്റോണിയസിനെ ഇത്തവണയും ആ ദൗത്യം ശ്രേയസ് അയ്യര്‍ ഏല്‍പ്പിക്കുമോ എന്നറിയാന്‍ ഇനി അല്‍പ്പസമയം മാത്രം ബാക്കി. ദുബായില്‍ ഇന്ത്യന്‍ സമയം ഏഴ് മണിയോടെ ഐപിഎല്‍ 13ാം സീസണിന്‍റെ ഫൈനല്‍ മത്സരത്തിന്‍റെ ടോസിടും. മുംബൈക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ സ്റ്റോണിയസിന്‍റെ ക്യാച്ച് ജേസണ്‍ ഹോള്‍ഡര്‍ വിട്ടുകളഞ്ഞത് കാരണമാണ് ആ മത്സരത്തില്‍ അദ്ദേഹത്തിന് ആയുസ് നീട്ടികിട്ടയത്. ആ അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാകും ഇത്തവണ സ്റ്റോണിയസ് ഇറങ്ങുക. ട്രെന്‍ഡ് ബോള്‍ട്ടും ബുമ്രയും അടങ്ങുന്ന മുംബൈയുടെ പേസ് ആക്രണത്തെ പ്രതിരോധിക്കാന്‍ സ്റ്റോണിയസിനെ ഓപ്പണറാക്കുന്ന കാര്യം ഡല്‍ഹിയുടെ പരിഗണനയില്‍ മുന്‍പന്തിയിലുണ്ടാകും.
സീസണില്‍ ഇതിനകം ഡല്‍ഹിക്ക് വേണ്ടി 12 വിക്കറ്റുകളും 352 റണ്‍സും സ്റ്റോണിയസ് സ്വന്തം അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ ജയങ്ങളില്‍ നിര്‍ണായ പങ്ക് വഹിച്ച ഓസിസ് താരം എതിരാളികളെ സംബന്ധിച്ചിടത്തോളം അപകടകാരിയാണ്. സീസണില്‍ ആദ്യ പകുതിയില്‍ ഫോമിലായിരുന്നു സ്റ്റോണിയസ് രണ്ടാം പകുതിയില്‍ മോശം ഫോമിലേക്ക് പോയത് ഡല്‍ഹിക്ക് തിരിച്ചടിയായി. എന്നാല്‍ ഓപ്പണറായി കളിക്കാന്‍ തുടങ്ങിയ ശേഷം അദ്ദേഹം വീണ്ടും ഫോമിലേക്ക് ഉയര്‍ന്നു.