ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതിയിൽ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. കൂടിക്കാഴ്ചയിൽ പ്രളയ പുനരധിവാസമടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സഹായം അഭ്യർഥിച്ചുള്ള നിവേദനം പ്രധാനമന്ത്രിക്ക് നൽകുമെന്നാണ് സൂചന.
കേരളത്തിലെ ദേശീയപാത വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തും. ദേശീയപാത വികസനം ഒന്നാം മുൻഗണന പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്ന് സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ നിലനിൽക്കുന്ന അനിശ്ചിതത്വം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. തീരുമാനം പിൻവലിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെ പുറത്തു വന്നിട്ടില്ല. മന്ത്രി ജി സുധാകരൻ, ചീഫ് സെക്രട്ടറി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.