തിരുവനന്തപുരം: സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്തുന്നതിനായി സർക്കാർ നിയോഗിച്ച പ്രൊഫ. ഖാദർ കമ്മറ്റി നൽകിയ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഹൈസ്കൂൾ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകീകരണം നടപ്പിലാക്കും.
സമിതി ശുപാർശകൾ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടം 2019-20 അധ്യായന വർഷം തന്നെ നടപ്പാക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സ്റ്റേറ്റ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് തുടങ്ങിയ ഡയറക്ടറേറ്റുകളെ യോജിപ്പിച്ച് ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ രൂപീകരിക്കും. ഐഎഎസ് കേഡറിലെ ഉദ്യോഗസ്ഥന്‍ ആയിരിക്കും ചുമതല. അധ്യാപക സംഘടനകളുമായി ഇത് സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിടയിലാണ് മന്ത്രിസഭയുടെ ഈ തീരുമാനം.
ആരോഗ്യ വകുപ്പ് സെക്രട്ടറിയായി രാജൻ ഖോബ്രഗഡയെ നിയമിക്കാനും മെയ് 31ന് വിരമിക്കുന്ന കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ എം പി ദിനേശിനെ പുനർനിയമന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഗുരുവായൂർ ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങൾക്കുമുള്ള ഓണറേറിയം സിറ്റിങ് ഫീസ് തുടങ്ങിയവ അനുവദിക്കുന്നതിന് 1978ലെ ഗുരുവായൂർ ദേവസ്വം ആക്ടിൽ ഭേദഗതി വരുത്തുന്നതിന് കൊണ്ടുവരുന്ന കരട് ബില്ലിന് അംഗീകാരം നൽകി. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകനും കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാനുമായിരുന്ന എരഞ്ഞോളി മൂസയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു. പാലക്കാട് സ്പെഷ്യൽ സബ് ജയിൽ മലമ്പുഴയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ജില്ലാ ജയിൽ ആയി ഉയർത്തും. ഇതിനായി 11 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഔഷധിയിലെ മാനേജർ, ലാസ്റ്റ് ഗ്രേഡ് എന്നി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനും മത്സ്യബന്ധന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെൻറ് സൊസൈറ്റിയിലെ ശമ്പളവും അലവൻസുകളും പുതുക്കി നിശ്ചയിക്കനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ അഞ്ച് പേരെ കൂടി അംഗങ്ങളായി നിയമിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.