മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗക്കേസ്. മുംബൈ സ്വദേശിനിയായ 33കാരിയാണ് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗം,വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ബിനോയ് കോടിയേരിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് .
2009 മുതൽ 2018 വരെയുളള കാലത്ത് പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. നിലവിൽ എട്ട് വയസ്സുളള കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. എന്നാൽ കഴിഞ്ഞ വർഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തിൽ രണ്ട് കുട്ടികളുണ്ടെന്നും യുവതി മനസ്സിലാക്കിയത്. യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിയ്ക്കെതിരെ ഈ മാസം 13നാണ് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പ്രതിക്കയ്ക്കെതിരെ നടപടി എടുക്കുന്നതിനു മുൻപായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും ഓഷിവാര പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇൻസ്പെക്ടറായ ശൈലേഷ് പസൽവാര്‍ അറിയിച്ചു. ദുബായില്‍ കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന ആളാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും പണവും സ്വർണവും സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. എന്നാല്‍ പരാതി വസ്തുതാ വിരുദ്ധമെന്നും കേസ് ബ്ളാക്ക്മെയിലിങ്ങാണെന്നും ബിനോയ് പ്രതികരിച്ചു. യുവതിക്ക് എതിരെ താൻ പരാതി നല്‍കിയതാണെന്നും ബിനോയിയുടെ പ്രതികരണം.
അതേസമയം ബിനോയ് കോടിയേരിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കേസെടുത്തിട്ടില്ലെന്നും കണ്ണൂർ എസ് പി പറഞ്ഞു. പരാതി പരിശോധിച്ച് വരികയാണ്,വസ്തുതയുണ്ടെങ്കിൽ തുടർ നടപടിയെടുക്കുമെന്നും എസ്.പി പ്രതീഷ് കുമാർ കൂട്ടിച്ചേർത്തു.