കൊല്‍ക്കത്ത: ബംഗ്ലാദേശി ചലച്ചിത്ര നടി അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ അഞ്ജു ഘോഷിനെ പാര്‍ട്ടി പതാക നല്‍കിയാണ് സ്വീകരിച്ചത്. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലായിരുന്നു നടി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ബംഗ്ലാദേശി നടിയാണെങ്കിലും ഇന്ത്യന്‍ പൗരത്വം നേടി കൊല്‍ക്കത്തയില്‍ താമസിക്കുന്ന അഞ്ജു നിരവധി ബംഗാളി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയ ബംഗ്ലാദേശി നടനോട് അഞ്ജു ഘോഷ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത് വന്‍ വിവാദമായിരുന്നു. നടനായ ഫെര്‍ഡോസ് അഹമ്മദിന്റെ വിസ ആഭ്യന്തര മന്ത്രാലയം റദ്ദു ചെയ്യാനും രാജ്യം വിടാനുമാണ് നടി ആവശ്യപ്പെട്ടത്. പിന്നീട് വിദേശ പൗരന് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ഇയാളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് നടിയുടെ ബിജെപി പ്രവേശനം.