മിലാന്: ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസിനെ അട്ടിമറിച്ച് എസി മിലാന്‍. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് മിലാന്‍റെ ജയം. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയിലായിരുന്നു ആറ് ഗോളുകളും പിറന്നത്. കൊവിഡ് 19നെ അതിജീവിച്ച് പുനരാരംഭിച്ച ലീഗില്‍ യുവന്‍റസിന്‍റെ ആദ്യ പരാജയമാണിത്. രണ്ടാം പകുതിയില്‍ അഡ്രിയാന്‍ റാബിയോട്ട് യുവന്‍റസിനായി ആദ്യ ഗോള്‍ സ്വന്തമാക്കി. ആറ് മിനിട്ടുകള്‍ക്ക് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
62-ാം മിനിട്ടില്‍ മിലാന്‍റെ മുന്നേറ്റ താരം സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് രക്ഷകനായി മാറി. പെനാല്‍ട്ടിയിലൂടെ ഇബ്രാഹിമോവിച്ച് യുവന്‍റസിന്‍റെ ഗോള്‍ വല ചലിപ്പിച്ചു. നാല് മിനിട്ടുകള്‍ക്ക് ശേഷം ഫ്രാങ്ക് കെസ്സയിലൂടെ മിലാന്‍ സമനില പിടിച്ചു. പിന്നാലെ 67-ാം മിനിട്ടില്‍ റാഫേല്‍ ലിയോയിലൂടെ മിലാന്‍ ലീഡ് നേടി. 80-ാം മിനിട്ടില്‍ ആന്‍റെ റെബിക് മിലാന് വേണ്ടി നാലാം ഗോള്‍ സ്വന്തമാക്കി. ഗോള്‍ മടക്കാനുള്ള യുവന്‍റസിന്‍റെ ശ്രമങ്ങള്‍ പക്ഷേ ഫലം കണ്ടില്ല.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും യുവന്‍റസ് 75 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഏഴ് പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് യുവന്‍റസിനുള്ളത്. 68 പോയിന്‍റുള്ള ലാസിയോ ആണ് രണ്ടാം സ്ഥാനത്ത്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ ലാസിയോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലെച്ചെയോട് പരാജയപ്പെട്ടു. മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ ഫിലിപ്പെ കെകെഡോയിലൂടെ ലാസിയോ ലീഡ് നേടി. എന്നാല്‍ ആ മുന്‍തൂക്കം നിലനിര്‍ത്തുന്നതില്‍ ലാസിയോ പരാജയപ്പെട്ടു. 30-ാം മിനിട്ടില്‍ ഖൗമ ബബക്കര്‍, രണ്ടാം പകുതിയിലെ 47-ാം മിനിട്ടില്‍ ഫാബിയോ ലൂസിയോനി എന്നിവര്‍ ലെച്ചെക്കായി ഗോള്‍ നേടി.