മനില: വാംകോ ചുഴലിക്കാറ്റിൽപ്പെട്ട് ഫിലിപ്പീൻസിൽ മരിച്ചവരുടെ എണ്ണം 67 ആയി. ചുഴലിക്കാറ്റിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 12 പേരെ കാണാതായി. ഈ വർഷം രാജ്യത്ത് വീശിയടിച്ച 21-ാമത്തെ ചുഴലിക്കാറ്റാണ് വാംകോ. വടക്കൻ ഫിലിപ്പീൻ പ്രവിശ്യകളായ കഗായൻ, ഇസബെല്ല എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് രക്ഷാപ്രവർത്തകർ ഭക്ഷണവും വെള്ളവും എത്തിച്ചു. ഫിലിപ്പീൻ പ്രസിഡന്‍റ് റോഡ്രിഗോ ഡുട്ടെർട്ടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ലുസോണിലെ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നതോടെ വെള്ളപ്പൊക്കം കുറയുകയാണെന്ന് കഗായൻ പ്രവിശ്യാ ദുരന്ത നിവാരണ മേധാവി അസിയോ മക്കാലൻ അറിയിച്ചു.
വെള്ളം ഉയരുന്നതിനുമുമ്പ് വീട്ടിൽ നിന്ന് മാറാതെ ജനങ്ങൾ മേൽക്കൂരകളിൽ തുടരുന്നതാണ് പ്രധാനപ്രശ്‌നം. രണ്ട് പ്രവിശ്യകളിലെ നിരവധി ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചെങ്കിലും ഇപ്പോൾ കുറയാൻ തുടങ്ങി. രക്ഷാപ്രവർത്തകർ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഏകദേശം 12,000 പേരാണ് ആൽകാലയിലെ സുരക്ഷിത കേന്ദ്രങ്ങളിലുള്ളത്. ദുരന്തമേഖലയിൽ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങളുടെ ചിത്രം ഫിലിപ്പൈൻ കോസ്റ്റ് ഗാർഡ് പുറത്തുവിട്ടു. ബുധനാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെ വീശിയടിച്ച വാംകോ ചുഴലിക്കാറ്റ് ലുസോണിന്‍റെ വലിയൊരു ഭാഗത്തെ തകർത്തു.