ചത്തീസ്‌ഗഢ്: ഹരിയാനയിലെ ജിന്ദ് ജില്ലയിലെ പിപിസി കേന്ദ്രത്തിൽ നിന്ന് 1,710 ഡോസ് കൊവിഡ് വാക്സിൻ മോഷണം പോയതായി അധികൃതർ. സിവിൽ ഹോസ്പിറ്റലിൽ നിന്നുമാണ് വാക്സിനുകൾ മോഷണം പോയത്.
കൊവിഷീൽഡിന്‍റെ 1270, കൊവാക്സിന്‍റെ 440 ഡോസ് വീതമാണ് മോഷണം പോയത്. ചില പ്രധാന ഫയലുകളും നഷ്ടപ്പെട്ടതായി അധികൃതർ പറഞ്ഞു. പിപിസി സെന്‍ററിന്‍റെ പ്രധാന ഗേറ്റിന്‍റെ പൂട്ട് തകർത്താണ് മോഷണം നടന്നിരിക്കുന്നത്.
ജില്ലയിലേക്കുള്ള മുഴുവൻ വിതരണവും നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രത്തിൽ പരിശോധന നടത്തുമെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും കേന്ദ്രത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു.