ന്യൂഡൽഹി : അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ സൈകൊവ്-ഡി യുടെ അടിയന്തര ഉപയോഗ അനുമതിക്കായി അടുത്ത ഏഴ് മുതൽ എട്ട് ദിവസത്തിനുള്ളിൽ അപേക്ഷിക്കുമെന്ന് കമ്പനി കേന്ദ്രത്തോട് പറഞ്ഞു.
കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്സിനായ സൈകൊവ്-ഡി അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിക്കുന്ന രണ്ടാമത്തെ തദ്ദേശീയ കൊവിഡ് വാക്സിനാണ്.
വൈറസിന്‍റെ ഡിഎൻഎ കണ്ടെത്തി ആന്‍റീബോഡി ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വാക്സിന്‍റെ മൂന്നാം ഘട്ട ട്രയലിൽ 28,000 സന്നദ്ധരായ ആളുകളെ ചേർത്തിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ പറഞ്ഞു.
ബയോടെക്നോളജി വകുപ്പിന്‍റെ ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്‍റെ ഭാഗമായി ദേശീയ ബയോഫാർമ മിഷന്‍റെ പിന്തുണയോടെയാണ് സൈഡസ് കാഡില സൈകൊവ്-ഡി വാക്സിൻ വികസിപ്പിക്കുന്നത്.
നിലവിൽ ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ, ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ്, റഷ്യയുടെ സ്പുട്നിക്-വി എന്നിവയ്ക്കാണ് രാജ്യത്ത് ഉപയോഗാനുമതി ഉള്ളത്.
Also Read: ആശുപത്രി വിട്ട് എറിക്‌സണ്‍ ; മിഡ്‌ഫീല്‍ഡര്‍ സഹതാരങ്ങളെ കാണാനെത്തും
ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന് ശേഷമുള്ള രണ്ടാമത്തെ തദ്ദേശീയ വാക്സിനായ സൈകൊവ്-ഡി മൂന്ന് ഡോസ് വാക്സിൻ ആണ്. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം രണ്ടാം ഡോസും 56ആം ദിവസം മൂന്നാം ഡോസും നൽകണം.
എന്നാൽ രണ്ട് ഡോസ് വ്യവസ്ഥയിലും വാക്സിൻ ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. വാക്സിന്‍റെ ദീർഘകാല ഉപയോഗത്തിനായി 2 മുതൽ 8 ഡിഗ്രി സെൽഷ്യസിലും ഹ്രസ്വകാലത്തേക്കായി 25 ഡിഗ്രി സെൽഷ്യസിലും സൂക്ഷിക്കാമെന്ന് കമ്പനി പറയുന്നു.