ചെന്നൈ: ഒഴുക്കില്‍പെട്ട മലയാളിയായ പെണ്‍കുട്ടിയെ രക്ഷപെടുത്തിയ യുവാവിന് സര്‍ക്കാര്‍ ജോലി നല്‍കി ആദരിച്ച് ജില്ല കലക്‌ടര്‍. തൂത്തുകുടി വിലാത്തിക്കുളം സ്വദേശിയായ വിജയകുമാറാണ്(24) പാലക്കാട് സ്വദേശിയായ ഹരിണി എന്ന പെണ്‍കുട്ടിയെ രക്ഷിച്ചത്. വിജയകുമാറിന്‍റെ പ്രവര്‍ത്തിയില്‍ സന്തുഷ്‌ടനായ തൂത്തുകുടി ജില്ല കലക്‌ടര്‍ സെന്തില്‍ രാജാണ് താത്‌കാലിക അടിസ്ഥാനത്തില്‍ വിജയകുമാറിന് കലക്‌ടറേറ്റിലെ കാര്‍ ഡ്രൈവറായി ജോലി നല്‍കിയത്.
വിലാത്തിക്കുളം സ്വദേശിയായ വിജയകുമാര്‍ പ്രദേശത്തെ ടാക്‌സി ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലായിരുന്നു വിജയകുമാര്‍ കുട്രാളം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനായി പോയത്. മാതാപിതാക്കളുമൊത്ത് വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്ന പെണ്‍കുട്ടി വെള്ളച്ചാട്ടത്തിലെ ഒഴുക്കില്‍പെടുകയായിരുന്നു.
ശക്തമായ ഒഴുക്കില്‍ പെണ്‍കുട്ടി പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയും ചെയ്‌തു. ഇത് കണ്ട വിജയകുമാര്‍ കുത്തനെയുള്ള ഒഴുക്കിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു. വിജയ് കുമാറിന്‍റെ പ്രവര്‍ത്തിയെ സംഭവസ്ഥലത്ത് കൂടിയിരുന്ന ജനങ്ങള്‍ പ്രശംസിക്കുകയുണ്ടായി.
വിജയകുമാറിന്‍റെ ധീര പ്രവര്‍ത്തി അറിയുവാനിടയായ തൂത്തുകുടി ജില്ല കലക്‌ടര്‍ യുവാവിന് പ്രശസ്‌തി പത്രം നല്‍കി ആദരിച്ചു. കൂടാതെ കഴിഞ്ഞ ദിവസം ഇയാളെ കലക്‌ടറേറ്റിലെ താത്‌കാലിക കാര്‍ ഡ്രൈവറായി നിയമിക്കുകയും ചെയ്‌തു.