ജയ്‌പൂർ : സൈനിക ഉദ്യോഗസ്ഥന്‍റെ വേഷം ധരിച്ചെത്തിയ യുവാവിനെ രാജസ്ഥാനിൽ ആർമി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. വ്യാഴാഴ്‌ച റായ്‌കബാഗ് റെയിൽവേ സ്‌റ്റേഷനിലിറങ്ങിയ ഖേത്രി സ്വദേശിയായ യുവാവിനെയാണ് സൈന്യം പിടികൂടിയത്. ഇയാളെ അന്ന് രാത്രി തന്നെ ഉദയ് മന്ദിർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതായി പൊലീസ് അറിയിച്ചു.
സമൂഹ മാധ്യമത്തിൽ ജാറ്റ് ബറ്റാലിയന്‍റെ ക്യാപ്‌റ്റനെന്ന വ്യാജേന തന്നെ സ്വയം പരിചയപ്പെടുത്തുകയും ആർമിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഇയാൾ പെൺകുട്ടികളെ വശീകരിക്കുകയും ചെയ്‌തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കെതിരെ വഞ്ചന ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കൂടാതെ ഇയാളിൽ നിന്നും ഇൻസാസ് റൈഫിൾ ഉൾപ്പെടെയുള്ള പല ആയുധങ്ങളുടേയും ചിത്രങ്ങളും ഒരു ഡമ്മി തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സലാസർ എക്‌സ്‌പ്രസിൽ സൈനിക യൂണിഫോം ധരിച്ച് യുവാവ് യാത്ര ചെയ്യുന്നതായി ആർമി ഇന്‍റലിജൻസിന് വിവരം ലഭിക്കുകയും തുടർന്ന് ജൂലൈ ആറിന് രാവിലെ തന്നെ റായ്‌കബാഗ് റെയിൽവേ സ്‌റ്റേഷനിൽ വച്ച് ഇയാളെ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടുകയുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർന്ന് ചോദ്യം ചെയ്യലിൽ ഇയാൾ ഖേത്ര സ്വദേശിയാണെന്നും പേര് രവികുമാർ എന്നാണെന്നും പറഞ്ഞിരുന്നു. എന്നാൽ തിരിച്ചറിയൽ കാർഡ് പരിശോധിച്ചപ്പോൾ ഇയാൾ സൈനികനല്ലെന്ന് പൊലീസ് കണ്ടെത്തി.
ചോദ്യം ചെയ്യലിനിടെ ഇയാളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും മൂന്ന് സിമ്മുകളും അഞ്ച് അധിക നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, ഇയാളുടെ ഇമെയിൽ ഐഡികളുടേയും രണ്ട് സമൂഹ മാധ്യമ പ്രൊഫൈലുകളുടേയും വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാൾ മറ്റുള്ളവരിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മുംബൈ ഹൈക്കോടതി ജഡ്‌ജിയെന്ന വ്യാജേന തട്ടിപ്പ് : രണ്ട് ദിവസം മുൻപ് എറണാകുളത്ത് മുംബൈ ഹൈക്കോടതി ജഡ്‌ജിയെന്ന വ്യാജേന തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ കൊച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. മഹാരാഷ്ട്ര നാഗ്‌പൂർ സ്വദേശിയായ ഹിമാലയ് മാരുതി ദേവ്കോട്ട് (24) ആണ് കൊച്ചി പൊലീസിന്‍റെ പിടിയിലായത്. ജഡ്‌ജിയെന്ന വ്യാജേന പരിചയപ്പെടുത്തി റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച ശേഷം ഇയാൾ പണം കൊടുക്കാതെ മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്.
മുംബൈ ഹൈക്കോടതി ജഡ്‌ജ് എന്ന ബോർഡ് ഘടിപ്പിച്ച ബീക്കൺ ലൈറ്റ് ഉള്ള ഇന്നോവ കാറിൽ രണ്ടു ദിവസം മുൻപ് മൂന്ന് യുവാക്കൾക്കൊപ്പം ഇയാൾ ചെറായി ബീച്ച് റിസോർട്ടിൽ എത്തുകയായിരുന്നു. പിന്നീട് പണം നൽകാതെ മുങ്ങാൻ ശ്രമിച്ച സംഘത്തെ റിസോർട്ടുടമ തടഞ്ഞുവച്ച് പൊലീസിൽ അറിയിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
Read More : ഹൈക്കോടതി ജഡ്‌ജിയെന്ന വ്യാജേന തട്ടിപ്പ് നടത്താന്‍ ശ്രമം; നാഗ്‌പൂര്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍