ന്യൂഡൽഹി: രാജ്യത്തെ ഇന്ധന, പാചക വാചക വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പെട്രോളിയം മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ഇന്ധന, പാചക വിലനർധനവിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധങ്ങൾ നടത്തുകയാണ്. തുടര്‍ച്ചയായി രാജ്യത്ത് ഇന്ധനവില വർദ്ധിക്കുകയാണ്. പല നഗരങ്ങളിലും പെട്രോൾ വില 100ന് മുകളിൽ എത്തിയിരുന്നു.
അതേ സമയം പെട്രോളിന്‍റെയും ഡീസലിന്‍റെയും വില എപ്പോൾ കുറയുമെന്ന് പറയാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി 25ന് പറഞ്ഞിരുന്നു. അഹമ്മദാബാദിൽ നടന്ന ഒരു ചടങ്ങിൽ "ഒരു ധരം സങ്കട്" (ധർമ്മ സങ്കടം) എന്നാണ് ഇന്ധന വിലയെക്കുറിച്ച് നിർമ്മല സീതാരാമൻ പ്രതികരിച്ചത്. അന്താരാഷ്‌ട്ര വിപണിയില്‍ ആവശ്യം കൂടിയത് കൊണ്ടാണ് ഇന്ധനവില വർദ്ധിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ശീതകാലം അവസാനിക്കുമ്പോൾ വില കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.