അമരാവതി : ആന്ധ്രയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ യുവാക്കൾ ഉൾപ്പടെ നിരവധി പേരാണ് അവധിക്കാലം ആഘോഷിക്കാനായി ബീച്ചുകളിലെത്തുന്നത്. ഇതേത്തുടർന്ന് സംസ്ഥാനത്തുടനീളം മുങ്ങി മരിക്കുന്നവരുടെ നിരക്കില്‍ വന്‍ വര്‍ധന.
പലരുടെയും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കവിതി മണ്ഡലത്തിലെ പുക്കല്ലപാലെമിൽ ജന്മദിനാഘോഷത്തിനിടയിലാണ് ദുരന്തമുണ്ടായത്.
സായ്‌ലോകേഷ്, തിരുമല, മനോജ് കുമാർ, ഗോപിചന്ദ് എന്നിവർ കടലിൽ നീന്താന്‍ പോവുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സായ് ലോകേഷിനായുള്ള തെരച്ചിൽ തുടരുകയാണ്.
- വിജയവാഡയിൽ മൂന്ന് മരണം
വിജയവാഡയിലെ കൃഷ്ണ നദിയിൽ കുളിക്കാന്‍പോയ മൂന്ന് പേർ മുങ്ങിമരിച്ചു. ഗോവിന്ദു, സായ് ശ്രീനിവാസ്, സതീഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
- പ്രകാശം ജില്ലയിൽ രണ്ട് വിദ്യാർഥികൾ
പ്രകാശം ജില്ലയിലെ കോട്ടപട്ടണം ബീച്ചിൽ കുളിക്കാൻ പോയ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. നാട്ടുകാർ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ നഷ്ടമായി. സുജിത്, ശ്രീനു എന്നിവരാണ് മരിച്ചത്.
- വശിഷ്ടയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി
വശിഷ്ട ഗോദാവരി നദിയിൽ മുങ്ങിമരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബന്ദാരി നവീൻ കുമാർ, പവൻ നാഗേന്ദ്ര, എറാംസെട്ടി രത്‌നസാഗർ എന്നിവരുടെ മൃതദേഹങ്ങളാണ് പോലിസ് കണ്ടെത്തിയത്. മൂവരും പത്താം ക്ലാസ് വിദ്യാർഥികളാണ്.