ഹൈദരാബാദ്: പ്രണയിനിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. രംഗറെഡ്ഡി ജില്ലയിലെ അബ്‌ദുളളപൂര്‍മെട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ബൊഡുപ്പലിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ ബി.ടെക്ക് അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഹരഹരകൃഷ്‌ണയാണ് സുഹൃത്ത് നവീനിനെ ഈ ഫെബ്രുവരി 17 ന് കൊലപ്പെടുത്തിയത്.
പ്രണയം മൂലം, കാമിനി മൂലം: ഹരഹരകൃഷ്‌ണനും നവീനും ഈ പെണ്‍കുട്ടിയും ദില്‍ശുഖ്‌നഗറിലെ സ്വകാര്യ കോളജില്‍ മുമ്പ് ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഈ സമയത്ത് ഹരഹരകൃഷ്‌ണനും നവീനും പെണ്‍കുട്ടിയെ ഒരുമിച്ച് ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ തിരിച്ച് പെണ്‍കുട്ടിക്ക് ഇഷ്‌ടമുണ്ടായിരുന്നത് നവീനിനെയായിരുന്നു. ഇവരുടെ പ്രണയം ഇഷ്‌ടപ്പെടാതെ വന്നതോടെ ഹരഹരകൃഷ്‌ണ സുഹൃത്തിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ഇതിന്‍റെ ഭാഗമായി നല്‍ഗൊണ്ടയിലെ മഹാത്മഗാന്ധി സര്‍വകലാശാലയില്‍ പഠിക്കുന്ന നവീനിനെ ഫെബ്രുവരി 17 ന് നെഹ്‌റു ഔട്ടര്‍ റിങ് റോഡിന് സമീപം വിളിച്ചുവരുത്തി ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ഹരഹരകൃഷ്‌ണ കൊലപ്പെടുത്തുകയായിരുന്നു.
മരണം പുറത്തുകൊണ്ടുവന്ന പരാതി: നവീനിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകവിവരം പുറത്തുവരുന്നത്. നല്‍ഗൊണ്ട മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പഠിക്കുന്ന തങ്ങളുടെ മകന്‍ ഫെബ്രുവരി 17 ന് കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്ന് അറിയിച്ചായിരുന്നു പരാതി. പരിചയമുള്ളവര്‍ക്കിടയിലും മറ്റും അന്വേഷിച്ച് ഫെബ്രുവരി 22 നാണ് നര്‌കട്‌പള്ളി പൊലീസ് സ്‌റ്റേഷനില്‍ പരാതിയെത്തുന്നത്.
പരുങ്ങി, പിന്നെ കുടുങ്ങി: പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ച പൊലീസ് കോളജിലുള്ള നവീന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്‌തതോടെയാണ് യുവാവ് ഹരഹരകൃഷ്‌ണനെ കാണാന്‍ പോയിരുന്നു എന്ന വിവരം ലഭിക്കുന്നത്. ഇതോടെ ഹരഹരകൃഷ്‌ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. എന്നാല്‍ തന്നെ കണ്ട ശേഷം നവീന്‍ മടങ്ങിപ്പോയി എന്നായിരുന്നു ഹരഹരകൃഷ്‌ണന്‍ പൊലീസിനോട് അറിയിച്ചത്. എന്നാല്‍ ഇയാളുടെ മൊഴിയിലെ പൊരുത്തക്കേടുകളില്‍ സംശയം തോന്നിയ പൊലീസ് ഒന്നു വിരട്ടിയതോടെ നവീനിനെ കൊല ചെയ്‌തത് താനാണെന്ന് ഹരഹരകൃഷ്‌ണന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത പൊലീസ് മൃതദേഹവും കണ്ടെടുത്തു.
പൊലീസ് പറയുന്നതിങ്ങനെ: ഈ മാസം 17 ന് യുവതിയെ ചൊല്ലി നവീനും ഹരഹരകൃഷ്‌ണനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അത് അടിപിടിയിലേക്ക് നീങ്ങുകയും ചെയ്‌തു. പരസ്‌പരമുള്ള മല്‍പിടുത്തതിനിടയില്‍ താഴെ വീണ നവീനിന്‍റെ കഴുത്തില്‍ ഹരഹരകൃഷ്‌ണന്‍ ബലമായി പിടിച്ചു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റായ ഡി മാര്‍ട്ടില്‍ നിന്ന് വാങ്ങിയ കത്തി ഉപയോഗിച്ച് ഹരഹരകൃഷ്‌ണന്‍ നവീനിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മരണത്തിലേക്കുള്ള പോക്ക്: നവീനും സുഹൃത്തുക്കളുമായുള്ള ഒരു കൂടിച്ചേരല്‍ സംഗമം വച്ച ഫെബ്രുവരി 19 ന് തന്നെയാണ് ഹരഹരകൃഷ്‌ണന്‍ നവീനിനെ കൊലപ്പെടുത്തുന്നത്. നവീന്‍റെ അമ്മാവന്‍ മരിച്ച ദിവസമായതിനാല്‍ വീട്ടുകാരെല്ലാം തിരക്കിലുമായിരുന്നു. രാത്രി വൈകിയും നവീന്‍ എത്താതായതോടെ അവന്‍ സുഹൃത്തുക്കള്‍ക്കൊപ്പം തന്നെ കാണുമെന്ന് ബന്ധുക്കളും കരുതി. എന്നാല്‍ പിറ്റേദിവസമായിട്ടും വിവരങ്ങളൊന്നും ലഭിക്കാതായതോടെ സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് നവീന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല എന്ന വിവരം ലഭിക്കുന്നത്. ഇതോടെയാണ് നവീന്‍റെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുന്നതും.