'കെജിഎഫി'ലൂടെ രാജ്യമൊട്ടാകെ ആരാധകരെ സമ്പാദിച്ച നടന്‍ യാഷിന്‍റെ (KGF star Yash) പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 'യാഷ് 19' (Yash 19) എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കും. ഡിസംബര്‍ 8നാകും 'യാഷ് 19'ന്‍റെ ഔദ്യോഗിക ടൈറ്റില്‍ പ്രഖ്യാപനം.
യാഷ് തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 8ന് രാവിലെ 9.55നാണ് ടൈറ്റില്‍ പ്രഖ്യാപനം. യാഷിനോടൊപ്പം പ്രൊഡക്ഷന്‍ ഹൗസായ കെവിഎന്‍ പ്രൊഡക്ഷന്‍ ഹൗസും ടൈറ്റില്‍ പ്രഖ്യാപന പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
യാഷിന്‍റെ പുതിയ പ്രോജക്‌ടിനെ കുറിച്ചുള്ള അപ്‌ഡേറ്റ് ആരാധകരില്‍ ആവേശം സൃഷ്‌ടിച്ചിരിക്കുകയാണ്. 2022ൽ 'കെജിഎഫ് 2'ന് ശേഷമുള്ള യാഷിന്‍റെ നിശബ്‌ദത ആരാധകരെ നിരാശരാക്കിയെങ്കിലും 'യാഷ് 19'നെ കുറിച്ചുള്ള അപ്‌ഡേറ്റ് ആരാധകരെ ആവശത്തിലാഴ്‌ത്തിയിരിക്കുകയാണ്.
തെന്നിന്ത്യയില്‍ ശക്തമായ ആധിപത്യം പുലര്‍ത്തിയ യാഷ്, ബോളിവുഡിലും തന്‍റേതായ സ്ഥാനം ഉറപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ബോക്‌സ് ഓഫീസില്‍ വിജയകരമായ 'കെജിഎഫ്' സീരീസിലെ മൂന്നാം ഭാഗം കയ്യില്‍ ഉണ്ടായിട്ടും താരത്തിന്‍റെ അടുത്ത പ്രോജക്‌ട് ബോളിവുഡ് ചിത്രമാകുമെന്നാണ് സൂചന.
നിതേഷ് തിവാരിയുടെ സ്വപ്‌ന പദ്ധതിയായ ബോളിവുഡ് ചിത്രം 'രാമായണ'ത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് യാഷ് എന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാന്‍ തീരുമാനിച്ച യാഷ്, രാമായണത്തിന് വേണ്ടി 100 കോടിയിലധികം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും നിരവധി റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിലെ തന്‍റെ വേഷത്തിന് 100 മുതൽ 150 കോടി രൂപ വരെയാണ് യാഷ് പ്രതിഫലം ഈടാക്കുന്നതെന്നും ഏറ്റവും കുറഞ്ഞ തുക 100 കോടിയാണെന്നും ചിത്രീകരണ ദിവസങ്ങളുടെ എണ്ണവും ഷെഡ്യൂൾ ആവശ്യകതകളും അനുസരിച്ച് അന്തിമ കണക്ക് തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അതേസമയം 'കെജിഎഫ് 3' 2025ൽ പ്രദർശനത്തിനെത്തുമെന്നും 2024ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രൊഡക്ഷന്‍ ജോലികള്‍ 2023 ഡിസംബറില്‍ ആരംഭിക്കുമെന്ന് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു.
2018ലാണ് 'കെജിഎഫ്' ആദ്യ ഭാഗം റിലീസ് ചെയ്‌തത്. കെജിഎഫ് ചാപ്റ്റർ 1 റിലീസ് ചെയ്‌ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് 'കെജിഎഫ് ചാപ്‌റ്റര്‍ 2' റിലീസ് ചെയ്‌തത്. 'കെജിഎഫ്' റിലീസ് ചെയ്‌തിട്ട് അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഡിസംബര്‍ 21ന് 'കെജിഎഫ് 3' യുടെ റിലീസ് പദ്ധതികള്‍ പുറത്തു വിടുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.
'കെജിഎഫ് 3' ക്കായി സംവിധായകന്‍, നിര്‍മാതാവ്, നടന്‍ എന്നിവര്‍ ഇതിനോടകം തന്നെ ആദ്യകാല ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. യാഷിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു 'കെജിഎഫ്' സീരീസ്.