ലഖിസരായി (ബിഹാർ): ബിഹാറിൽ മത്സരത്തിനിടെ എതിരാളിയുടെ മർദനമേറ്റ് ഗുസ്‌തി താരം മരിച്ചു. പട്‌ന സ്വദേശി ത്രിപുരാരി കുമാർ എന്ന ശിവം കുമാറാണ് മരിച്ചത്. ലഖിസരായി ജില്ലയിലെ ഹുസൈന ഗ്രാമത്തിലാണ് സംഭവം.
ബസന്ത് പഞ്ചമിയോട് അനുബന്ധിച്ചാണ് ഗ്രാമത്തിൽ ഗുസ്‌തി മത്സരം സംഘടിപ്പിച്ചത്. ഹുസൈന സ്വദേശി പവൻ യാദവും ത്രിപുരാരി കുമാറും തമ്മിലുള്ള പോരാട്ടത്തിനിടെയായിരുന്നു അപകടം. മത്സരത്തിനിടെ പവൻ യാദവിന്‍റെ ഇടിയിൽ ത്രിപുരാരി താഴെ വീഴുകയായിരുന്നു.
ത്രിപുരാരി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ത്രിപുരാരിയുടെ മരണത്തെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷമുണ്ടായി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മത്സരത്തിന്‍റെ സംഘാടകരും റഫറിയും ഒളിവിലാണ്, ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാണെന്ന് മെദ്‌നി എസ്എച്ച്ഒ അഥർ റബാനി പറഞ്ഞു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചു.
ത്രിപുരാരിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. എതിരാളി മനപൂർവം കഴുത്തിൽ തുട അമർത്തിവച്ചതാണ് മരണത്തിന് കാരണമെന്ന് ത്രിപുരാരിയുടെ ബന്ധു പറഞ്ഞു.