പട്‌ന: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റോഡിലൂടെ (Worlds Highest Road) സൈക്കിളില്‍ യാത്ര ചെയ്‌ത് (Cycling) ലോക റെക്കോഡ് (World Record) സ്വന്തമാക്കി ബിഹാര്‍ (Bihar) സ്വദേശി സബിത മഹാതോ (Sabita Mahato). ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തിലുള്ള റോഡായ ഉംലിങ് ലായിലൂടെ (Umling La) യാത്ര ചെയ്‌ത ആദ്യ വനിത എന്ന ലോക റെക്കോഡാണ് സൈക്ലിസ്‌റ്റായ സബിത മഹാതോ സ്വന്തമാക്കിയത്.
ബിഹാറിലെ ഛപ്രയിലുള്ള പനപൂര്‍ ഗ്രാമ നിവാസിയായ സബിത 19 ദിവസം കൊണ്ടാണ് മണാലിയില്‍ നിന്ന് ഉംലിങ് ലാ വരെ എത്തിയത്. അതായത് ഓഗസ്‌റ്റ് 19 ന് മണാലിയില്‍ നിന്ന് യാത്ര ആരംഭിച്ച ഇവര്‍ 570 കിലോമീറ്ററുകള്‍ പിന്നിട്ട് സെപ്‌റ്റംബര്‍ അഞ്ചിനാണ് സൈക്കിളില്‍ ഉംലിങ് ലായിലെത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാതയായ ഉംലിങ് ലായിലെത്തുന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നുവെന്ന് സബിത പറയുന്നു.
യാത്ര ഇങ്ങനെ: സമുദ്രനിരപ്പിൽ നിന്ന് 19,024 അടി മുകളിലായാണ് ഉംലിങ് ലാ സ്ഥിതി ചെയ്യുന്നത്. എല്ലാ പ്രയാസങ്ങളും അവഗണിച്ചാണ് സബിത മണാലിയിൽ നിന്ന് സൈക്കിള്‍ സവാരി തുടങ്ങുന്നത്. 100 കിലോമീറ്റർ പിന്നിട്ടപ്പോൾ അവര്‍ക്ക് ശ്വാസതടസം നേരിട്ടു. ചില സമയങ്ങളിൽ കനത്ത മഴ പെയ്‌തതോടെ കാലാവസ്ഥയും വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ചു.
ഞാൻ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കാതെ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒടുവിൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ റോഡായ ഉംലിങ് ലായിലെത്തി. ഈ 19 ദിവസത്തെ ഓട്ടത്തിനിടയിൽ, ഞാൻ ഓരോ ദിവസവും പുതിയ വെല്ലുവിളികൾ നേരിട്ടു. എന്നാല്‍ ഞാൻ എല്ലാം സഹിച്ച് മുന്നോട്ട് നീങ്ങിയെന്ന് സബിത മഹാതോ പറഞ്ഞു. നിത്യവും എട്ട് മണിക്കൂർ യാത്ര ചെയ്യുമെന്നും വൈകുന്നേരങ്ങളിൽ ഏതെങ്കിലും ധാബയിലോ ആർമി കന്റോൺമെന്‍റ് ഏരിയയിലോ തങ്ങുമായിരുന്നുവെന്നും അവര്‍ യാത്രയെക്കുറിച്ച് മനസുതുറന്നു.
യാത്രയെക്കുറിച്ച് മനസ് തുറന്ന്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാതയിലൂടെ സൈക്കിൾ ചവിട്ടിയെത്തുന്ന ആദ്യ വനിതയായതിൽ അതിയായ സന്തോഷമുണ്ടെന്ന് സബിത പറഞ്ഞു. സുലഭ് ഇന്‍റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷനാണ് സബിതയുടെ ദൗത്യത്തിൽ വലിയ സംഭാവന നൽകിയത്. എന്നാല്‍ എവറസ്‌റ്റ് കൊടുമുടിയിൽ ത്രിവർണ പതാക പാറിക്കുകയെന്ന തന്‍റെ സ്വപ്നം ഇനിയും പൂർത്തീകരിച്ചിട്ടില്ലെന്നും സബിത പറഞ്ഞു. തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാരിന്‍റെയും സാധാരണക്കാരുടെയും സഹായം ആവശ്യമാണെന്നും സ്‌ത്രീകളെ ശാക്തീകരിക്കുക എന്നതാണ് തന്‍റെ മുദ്രാവാക്യമെന്നും സബിത പറഞ്ഞു.
അതേസമയം സബിത തന്‍റെ സ്വപ്‌ന യാത്ര ആരംഭിക്കുന്നത് 2022 ൽ ജൂൺ അഞ്ചിന് ഡൽഹിയിൽ വച്ചാണ്. 173 ദിവസം കൊണ്ട് 29 സംസ്ഥാനങ്ങൾ പിന്നിട്ടാണ് ഇവര്‍ തന്‍റെ യാത്ര വിജയകരമായി അവസാനിപ്പിക്കുന്നത്. മാത്രമല്ല 2016 നും 2019 നും ഇടയിൽ, സബിത 7000 മീറ്ററിന് മുകളിലുള്ള നിരവധി പർവതങ്ങളും കയറിയിരുന്നു. 2019-ൽ ഗഡ്‌വാളിലെ ത്രിശൂൽ പർവതം (7120 മീറ്റർ) കയറിയതിന് ശേഷമാണ് ഉംലിങ് ലാ കീഴടക്കാനെത്തുന്നത്.