ന്യൂഡൽഹി : ഇന്ത്യൻ അതിർത്തികളിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ആരെയും അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച ഇന്ത്യൻ ആർമിയുടെ സന്ദേശം കൃത്യമാണെന്നും ആർമി ചീഫ് ജനറൽ എം എം നരവനെ. കഴിഞ്ഞ വർഷം ഇന്ത്യൻ ആർമിക്ക് വളരെയധികം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും ആർമി ദിവസത്തെ പരേഡിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
വിവിധ തലങ്ങളിലുള്ള ചർച്ചകൾ പുരോഗമിച്ചതിന്‍റെ ഫലമായാണ് സാഹചര്യം നിയന്ത്രണവിധേയമാക്കിയത്. ഇതൊരു ക്രിയാത്മക ചുവടുവയ്‌പാണ്. നിലവിലെ സാഹചര്യത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ത്യ-ചൈന 14-ാം ഘട്ട മിലിട്ടറി ചർച്ചകൾ അടുത്തിടെ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ കരസേനയുടെ ആദ്യ ഇന്ത്യൻ കമാൻഡർ-ഇൻ-ചീഫായി ഫീൽഡ് മാർഷൽ കെ എം കരിയപ്പ ചുമതലയേറ്റതിന്‍റെ ഓർമയ്ക്കായാണ് ജനുവരി 15 ആർമി ദിവസമായി ആചരിക്കുന്നത്. 2020 ജൂണ്‍ 15-നാണ് ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ സംഘര്‍ഷമുണ്ടായത്.
നിരവധി ചൈനീസ് സൈനികരും സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അഞ്ച് പതിറ്റാണ്ടിനിടെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമായിരുന്നു ഇത്.