അഹമ്മദാബാദ്: ആഢംബര ജീവിതം നയിക്കാനായി നിയവിരുദ്ധമായി അണ്ഡം വിറ്റതിന് ഭാര്യയ്‌ക്കും ഭാര്യാമാതാവിനുമെതിരെ പരാതി നല്‍കി ഭര്‍ത്താവ്. ഗുജറാത്തിലെ അംറൈവഡി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 2019 മുതല്‍ 2022 വരെയുള്ള വര്‍ഷത്തില്‍ ഒരു സ്വകാര്യ ആശുപത്രിയ്‌ക്കാണ് ഭാര്യ, മാതാവിന്‍റെ സഹായത്തോടെ നിയമവിരുദ്ധമായി അണ്ഡം നല്‍കിയിരുന്നതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.
ആധാര്‍ കാര്‍ഡിലെ ജനനതീയതിയില്‍ മാറ്റം വരുത്തി വ്യാജ രേഖ ചമച്ചാണ് അനിത അണ്ഡം വില്‍പന നടത്തിയിരുന്നത്. സാക്ഷി എന്ന നിലയില്‍ ഭര്‍ത്താവിന്‍റെ വ്യാജ കയ്യൊപ്പും അവര്‍ രേഖയില്‍ ഉള്‍പെടുത്തിയിരുന്നു. എന്നാല്‍, ഒരിക്കല്‍ പോലും ഇതിനായി തന്‍റെ ഭാര്യയോടൊപ്പം ആശുപത്രിയില്‍ വന്നിട്ടില്ലെന്ന് പരാതിക്കാരന്‍ പറയുന്നു.
അഞ്ച് വര്‍ഷത്തിന് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍, ഭര്‍തൃവീട്ടുകാരുമായി അനിത നിരന്തരം കലഹത്തിലേര്‍പ്പെട്ടിരുന്നതിനാല്‍ വാടക വീട്ടിലേക്ക് മാറണമെന്ന് അനിത ആവശ്യപ്പെടുകയായിരുന്നു. ഇരുവരും വാടക വീട്ടിലേക്ക് മാറിയെങ്കിലും ഭര്‍ത്താവിന്‍റെ സമ്പാദ്യവും ജീവിത ശൈലിയും തൃപ്‌തികരമല്ലാതിരുന്നതിനാല്‍ 2019ല്‍ അനിത ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം മാതാപിതാക്കളോടൊപ്പം താമസമാക്കി.
പിന്നീട് അംറൈവഡി പൊലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ അനിത ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം, ഇരുവരും പരസ്‌പരം ധാരണയിലെത്തി ഒരുമിച്ച് ജീവിക്കുകയായിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അഹമ്മദാബാദിലെ പല ആശുപത്രികളുമായി ബന്ധമുള്ള ഒരു ഏജന്‍റ് വഴി മൂന്ന് വര്‍ഷക്കാലത്തോളം അനിത അണ്ഡം വില്‍ക്കുന്ന സംഭവം ഭര്‍ത്താവ് അറിഞ്ഞത്.
സംഭവം ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് അനിതയും മാതാവും ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. വ്യാജ രേഖ ചമയ്‌ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.