ലക്‌നൗ : ഉത്തർ പ്രദേശിലെ ആഗ്രയിൽ ഹോട്ടൽ മുറിയില്‍ പൂട്ടിയിട്ട് യുവതിയെ മൂന്നുപേർ ചേർന്ന് പത്ത് ദിവസത്തോളം കൂട്ട ബലാത്സംഗം ചെയ്‌തു. മിർസാപൂർ സ്വദേശിനിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. കേസിൽ ഇടനിലക്കാരി ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
രണ്ട് വർഷം മുൻപ് ഭർത്താവ് മരിച്ച യുവതിയെ മെച്ചപ്പെട്ട ജോലി വാഗ്‌ദാനം ചെയ്‌താണ് പ്രതികൾ പ്രലോഭിപ്പിച്ചത്. ശേഷം ദിവസ വേതനത്തിന് ജോലി ചെയ്‌തിരുന്ന തന്നെ പ്രതികൾ ആഗ്രയിലേയ്‌ക്ക് വരാനായി പ്രേരിപ്പിച്ചതായി പരാതിക്കാരി പൊലീസിന് മൊഴി നല്‍കി. പ്രതികൾക്ക് പുറമെ ഇടനിലക്കാരിയായി നിന്ന യുവതിയാണ് ഇവരോട് വരാനായി കൂടുതൽ നിർബന്ധിച്ചതെന്ന് ഇവർ പറയുന്നു.
തുടർന്ന് നല്ല ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പരാതിക്കാരി തന്‍റെ രണ്ടര വയസുള്ള കുഞ്ഞിനും മറ്റ് മൂന്ന് സ്‌ത്രീകൾക്കും ഒപ്പം ആഗ്രയിലേയ്‌ക്ക് പോകുകയായിരുന്നു. ആഗ്രയിൽ എത്തിയ ശേഷം പ്രതികൾ യുവതിയെ വിൽക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും പിന്നീട് അവർ കുട്ടിയെ വിറ്റെന്നും പൊലീസ് പറഞ്ഞു. പത്ത് ദിവസത്തോളം ഹോട്ടലിൽ തടവിലിട്ട് പ്രതികള്‍ കൂട്ടബലാത്സംഗം നടത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
ഗുരുഗ്രാമിൽ നിന്നുള്ള ഒരു സ്‌ത്രീയും കുറച്ച് ആളുകളും യുവതിയുടെ കുഞ്ഞിനെ കൊണ്ടുപോകാൻ ഹോട്ടലിൽ എത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതികളിലൊരാൾ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. കുട്ടിയെ തേടി ആഗ്ര പൊലീസിന്‍റെ സംഘം ഗുരുഗ്രാമിൽ ക്യാമ്പ് ചെയ്‌ത് അന്വേഷണം നടത്തിവരികയാണ്.