ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആറ് ജില്ലകളിലെ ക്രമസമാധാന ചുമതല ഇനി വനിതകളുടെ കൈയില്‍. ഡല്‍ഹിയിലെ 15 ജില്ലകളില്‍ ആറിടത്താണ് ഇതാദ്യമായി ഡെപ്യൂട്ടി കമ്മിഷണര്‍മാരായി വനിതകളെത്തുന്നത്. സൗത്ത്, സെൻട്രൽ, സൗത്ത്-ഈസ്റ്റ് ജില്ലകളിലാണ് ഡിസിപിമാരായി മൂന്ന് വനിത ഉദ്യോഗസ്ഥരെ പുതുതായി നിയമിച്ചത്. ഡല്‍ഹിയിലെ മൂന്ന് ജില്ലകളില്‍ നിലവില്‍ വനിതകളാണ് ഡിസിപി ചുമതല വഹിക്കുന്നത്.
6 ജില്ലകളില്‍ വനിത ഉദ്യോഗസ്ഥര്‍
സൗത്ത് ജില്ലയുടെ ഡിസിപിയായി ബെനിത മരി ജെയ്‌കര്‍, സെൻട്രൽ ജില്ലയില്‍ ഡിസിപി ശ്വേത ചൗഹാൻ, സൗത്ത്-ഈസ്റ്റ് ജില്ലയില്‍ ഡിസിപി ഇഷ പാണ്ഡെ എന്നിവര്‍ ചുമതലയേല്‍ക്കും. 2010 ഐപിഎസ് ബാച്ചിലുള്ളവരാണ് മൂവരും. ബെനിത മരി ജെയ്‌കര്‍ സെവന്‍ത്ത് ബെറ്റാലിയനിലും ശ്വേതാ ചൗഹാന്‍ ഡിസിപി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലും ഇഷ പാണ്ഡെ പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റേയും ചുമതലയാണ് നിലവില്‍ വഹിക്കുന്നത്.
വെസ്റ്റ് ജില്ലയില്‍ ഡിസിപി ഉർവിജ ഗോയൽ, നോര്‍ത്ത്-വെസ്‌റ്റ് ജില്ലയില്‍ ഡിസിപി ഉഷ രംഗ്‌നാനി, ഈസ്റ്റ് ജില്ലയില്‍ ഡിസിപി പ്രിയങ്ക കശ്യപ് എന്നിവര്‍ നിലവില്‍ ചുമതല വഹിക്കുന്നുണ്ട്. ഈയിടെ ചുമതലേയറ്റ ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്‌താനയാണ് പൊലീസില്‍ വന്‍ അഴിച്ചുപണി നടത്തിയത്. ജോലിയില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും നല്‍കുന്നതിന്‍റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് വിശദീകരണം.
11 ഡിസിപിമാര്‍ക്ക് സ്ഥലംമാറ്റം
ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ ഒപ്പിട്ട ഉത്തരവില്‍ ഡിസിപി റാങ്കിലുള്ള 11 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ട്. 2009 ഐപിഎസ് ബാച്ചിലെ ജസ്‌മീത് സിംഗ്, 2011 ബാച്ചിലെ ഇന്‍കിത് പ്രതാപ് സിംഗ്, 2010 ബാച്ചിലെ രാജീവ് രഞ്ജൻ എന്നിവര്‍ക്കാണ് സ്പെഷ്യൽ സെല്ലിന്‍റെ ചുമതല. സൈബര്‍ സെല്ലിന്‍റെ ചുമതല കെപിഎസ് മല്‍ഹോത്രയ്ക്കാണ്. രോഹിണി കോടതിയിലെ വെടിവെയ്പ്പിന് പിന്നാലെയാണ് പൊലീസില്‍ വന്‍ അഴിച്ചുപണി.
Also read: രോഹിണി കോടതി വെടിവയ്‌പ്പ്: ഡല്‍ഹിയിലെ മുഴുവന്‍ ജയിലുകളിലും സുരക്ഷ ശക്തമാക്കി