മാണ്ഡ്യ : ഹണി ട്രാപ്പിലൂടെ ജ്വല്ലറി ഉടമയില്‍ നിന്ന് പണം തട്ടിയ യുവതി അറസ്റ്റില്‍. സാമൂഹിക- മനുഷ്യാവകാശ പ്രവര്‍ത്തകയായ സല്‍മ ബാനുവാണ് പിടിയിലായത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം.
പ്രാദേശിക ബിജെപി അംഗത്വമുള്ള ജ്വല്ലറി ഉടമ നിദോദി ജഗനാഥ ഷെട്ടിയാണ് സല്‍മ ബാനുവിന്‍റെ ഹണി ട്രാപ്പില്‍ വീണത്. യുവതി 50 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഫെബ്രുവരി 26ന് മൈസൂരില്‍ നിന്നും മാണ്ഡ്യയില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ പരിശോധിക്കാന്‍ പോയതായിരുന്നു ജഗനാഥ ഷെട്ടി. വഴിയില്‍വച്ച് നാലംഗ സംഘം ഇയാളെ മൈസൂരിലെ ഹോട്ടലിലേയ്ക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം സല്‍മയെ മുറിയിലെത്തിച്ച് അവര്‍ക്കൊപ്പമുള്ള ചിത്രം പകര്‍ത്തി.
ഉടനടി നാല് കോടി രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ ജ്വല്ലറി ഉടമ 50 ലക്ഷം രൂപ നല്‍കി. എന്നാല്‍ പ്രതികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇയാളെ നിരന്തരം ശല്യം ചെയ്‌തതോടെ മാണ്ഡ്യ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.