ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് നാല്‍പ്പത്തിരണ്ടുകാരിയെ വെടിവച്ചുകൊന്നു. ഡല്‍ഹി ദാബ്രിയില്‍ ഇന്നലെ (ജൂലൈ 27) രാത്രിയിലാണ് നടുക്കുന്ന സംഭവം. രേണുവിനെ ആശിഷ് (25) എന്നയാള്‍ വീടിന് മുന്നില്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇയാള്‍ നിറയൊഴിച്ച് ആത്മഹത്യ ചെയ്‌തതായും പൊലീസ് അറിയിച്ചു.
വ്യാഴാഴ്‌ച രാത്രിയിലാണ് 42കാരിക്ക് വെടിയേറ്റെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ദാബ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൈശാലി കോളനിയില്‍ കുടുംബത്തോടൊപ്പമായിരുന്നു ഇവരുടെ താമസം. വെടിയേറ്റ രേണുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പക്ഷേ മരിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ, പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാന്‍ വിവിധ സംഘങ്ങളായിട്ടാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.
ആശിഷിനെ അറസ്റ്റ് ചെയ്യാനായി അന്വേഷണ സംഘം ഇയാളുടെ വീട്ടില്‍ എത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ ടെറസില്‍ ആശിഷിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതി ആത്മഹത്യയ്‌ക്ക് ഇപയോഗിച്ച നാടന്‍ തോക്ക് സ്ഥലത്തുനിന്നും അന്വേഷണ സംഘത്തിന് ലഭിച്ചതായി ഡിസിപി ഹര്‍ഷ്‌വര്‍ധന്‍ പറഞ്ഞു.
രേണുവും ആശിഷും ഒരേ ജിമ്മിലാണ് പോയിരുന്നത്. ഇരുവരും തമ്മില്‍ 2-3 വര്‍ഷത്തെ പരിചയമുണ്ടായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്‌തു : നവവധുവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശ് മുസാഫർനഗർ മഖ്യാലി സ്വദേശി നസീം മാലിക്, ഭാര്യ നർഗീസിനെയാണ് കൊലപ്പെടുത്തിയത്. ജൂണ്‍ 29നായിരുന്നു ദാരുണ സംഭവം. ഈ സംഭവത്തിന് അഞ്ച് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.
ഇടനിലക്കാരനായ സദ്ദാം എന്നയാളുടെ സഹായത്തോടെ ആയിരുന്നു ഇരുവരുടെയും വിവാഹം. കൊലപാതകം നടക്കുന്നതിന് മുന്‍പത്തെ ദിവസം ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉപദേശം തേടി ഇരുവരും ചേര്‍ന്ന് സദ്ദാമിന്‍റെ വീട്ടിലേക്ക് എത്തി.
ഇവിടെ വച്ചും ഇരുവരും തര്‍ക്കമുണ്ടായി. ഇതിനിടെ അവിടേക്ക് എത്തിയ സദ്ദാമിന്‍റെ അയല്‍വാസി സാബിർ എന്നയാള്‍ക്ക് നേരെ നസീം വെടിയുതിര്‍ത്തു. തുടര്‍ന്ന്, ഇയാള്‍ ഭാര്യയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്‌തു.
Read More : Teenager shot dead | ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലി വഴക്ക്; 15കാരന്‍ വെടിയേറ്റ് മരിച്ചു, പ്രതി കൗമാരക്കാരന്‍
സാബിറിനെ വെടിവച്ച ശേഷം നർഗീസിനെ ബൈക്കിൽ കയറ്റി ദൂരെ ഒരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു നസീം മാലിക് കൃത്യം നടത്തിയത്. തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്‌തതെന്നും പൊലീസ് വ്യക്തമാക്കി.
ഫുട്‌ബോള്‍ മത്സരത്തിനിടെ തര്‍ക്കം, കൗമാരക്കാരന്‍ വെടിയേറ്റ് മരിച്ചു : ബിഹാറില്‍ ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ് കൗമാരക്കാരന്‍ മരിച്ചു. 15കാരനായ റിതേഷ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയായ ലല്ലു കുമാറിനെ പൊലീസ് പിടികൂടി. ഘോസി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാരാജ്‌ഗഞ്ച് ഗ്രാമത്തില്‍ ജൂലൈ 25-നായിരുന്നു സംഭവം.