കാഠ്‌മണ്ഡു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേപ്പാളിലെ നിശ പാര്‍ട്ടിയില്‍ പങ്കെടുത്തത് വിവാദമായതോടെ വ്യാഴാഴ്‌ച വൈകുന്നേരം കാഠ്‌മണ്ഡുവില്‍ നിന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി. നിശ ക്ലബിലേക്കുള്ള തന്‍റെ വിവാദമായ സന്ദര്‍ശനത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്താതെയാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം നിശ പാര്‍ട്ടിയില്‍ മദ്യപിച്ചിരുന്ന യുവതി നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹൗ യാങ്കിയാണെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് അഭ്യൂഹങ്ങള്‍ കാട്ടു തീപോലെ പടരാന്‍ ഇടയാക്കിയത്.
സംഭവത്തില്‍ ഭരണ കക്ഷിയായ ബി ജെ പി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം നടത്തുകയായിരുന്നു. എന്നാല്‍ സൃഹൃത്ത് സുമ്‌നിമ ഉദസിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായാണ് സുബ്രഹ്മണ്യം ഗാന്ധി, കലാവതി ഗാന്ധി എന്നിവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കാഠ്‌മണ്ഡുവിലെത്തിയന്ന വിവരം ഐഎഎന്‍എസ് പുറത്ത് വിടുകയായിരുന്നു. രാഹുലിന്‍റെ കൈവശം സാധാരണ ഇന്ത്യന്‍ പാസ്പോര്‍ട്ട് മാത്രമാണുണ്ടായിരുന്നതെന്നാണ് ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ട്.
തിങ്കളാഴ്‌ച വൈകുന്നേരമാണ് രാഹുല്‍ ഗാന്ധിയെ യുവതിയടക്കമുള്ള കൂട്ടുകാര്‍ക്കൊപ്പം നിശ പാര്‍ട്ടിയില്‍ കണ്ടത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത് ഇദ്ദേഹത്തിന്‍റെ കൂട്ടുക്കാരിയാണെന്നും വിവാഹത്തിന് പങ്കെടുക്കാനാണ് അവിടെയെത്തിയതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. തിങ്കളാഴ്‌ച രാത്രിയിലുണ്ടായ വിവാദത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം സുമ്നിമയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി കാഠ്മണ്ഡുവിലെ റിസോര്‍ട്ടിലേക്ക് പോയി.
അതിന് ശേഷം വ്യാഴാഴ്‌ച വൈകുന്നേരം വിസ്‌താര വിമാനത്തില്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി.
also read: വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നത് കുറ്റമോ ? ; രാഹുലിനെതിരായ ബിജെപി പ്രചരണത്തിനെതിരെ കോൺഗ്രസ്