കരിംഗഞ്ച് (അസം): അസമിലെ കരിംഗഞ്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ജനന ശേഷം ഇവരെ നിയോ-നാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് (എൻഐസിയു) മാറ്റിയെങ്കിലും കുഞ്ഞുങ്ങള്‍ സുഖമായിരിക്കുന്നു. നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മയുടെ ആരോഗ്യനിലയും തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവം ഇങ്ങനെ: തിങ്കളാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഗർഭിണിയായ ജനത ഖാച്ചിയ എന്ന യുവതിയെ ജില്ലയിലെ ബസാരിച്ചര ഏരിയയിലുള്ള ക്രിസ്‌ത്യൻ മിഷണറി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവവേദന കടുത്തപ്പോള്‍ ചൊവ്വാഴ്‌ച രാവിലെ ഏഴ് മണിയോടെ ഡോക്‌ടർമാർ യുവതിയെ സിസേറിയൻ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കുകയായിരുന്നു. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്ന നവജാതശിശുക്കൾ നിലവിൽ ആശുപത്രിയിലെ ശിശു സംരക്ഷണ യൂണിറ്റിൽ (നഴ്‌സറി) ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്.
കരിംഗഞ്ച് ജില്ലയിലെ തന്നെ ദല്‍ഗ്രാം പ്രദേശത്തെ ഖാസിയ പുഗ്‌നിയിൽ നിവാസിയായ ലാസ്‌റ്റിങ് ഖാച്ചിയയാണ് യുവതിയുടെ ഭര്‍ത്താവ്. നിലവില്‍ സൗത്ത് കരിംഗഞ്ചിലെ നീലം ബസാർ പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. ദമ്പതികള്‍ക്ക് ഈ നാല് കുഞ്ഞുങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുഞ്ഞ് കൂടി ജനിച്ചിരുന്നു. തനിക്ക് നാല് കുഞ്ഞുങ്ങളാണ് പിറന്നതെന്നറിഞ്ഞതോടെ ഐസിയുവിന് പുറത്ത് കാത്തുനിന്നിരുന്ന ലാസ്‌റ്റിങ് ഖാച്ചിയ സന്തോഷത്താല്‍ തുള്ളിച്ചാടുകയായിരുന്നു.
സന്തോഷം പറഞ്ഞറിയിക്കാനാവാതെ: ദൈവം തങ്ങൾക്ക് നാല് കുഞ്ഞുങ്ങളെ സമ്മാനിച്ചു. താൻ അത്യധികം സന്തോഷവാനാണ്. നാലുകുട്ടികളുടെ വരവോടെ തന്‍റെ കുടുംബാംഗങ്ങളുടെ ശക്തി ഏഴായി ഉയർന്നുവെന്ന് ഖാച്ചിയ പറഞ്ഞു. അതേസമയം ഇത്തരമൊരു സംഭവം തങ്ങളുടെ ആശുപത്രിയില്‍ ഇതാദ്യമായാണെന്നായിരുന്നു ആശുപത്രിയുടെ ചുമതലയുള്ള ഡോ.ചന്ദന്‍റെ പ്രതികരണം. ഞങ്ങളുടെ ഹോസ്‌പിറ്റലിൽ ഇത്തരമൊരു സിസേറിയനിൽ ആദ്യമായാണ് ഒരു ഗർഭിണിയായ സ്‌ത്രീ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. അമ്മയും നാല് കുഞ്ഞുങ്ങളും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു. കുഞ്ഞുങ്ങളെ ആശുപത്രിയിലെ നഴ്‌സറിയിൽ നിരീക്ഷിച്ചുവരികയാണ്.
മുമ്പും സമാന 'പിറവി'കള്‍: അടുത്തിടെ കര്‍ണാടകയിലെ ഷിമോഗയിലും ഒരു യുവതി ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഭദ്രാവതി സ്വദേശി അല്‍മ ഭാനുവിനും ഭര്‍ത്താവ് ആരിഫിനുമാണ് രണ്ട് പെണ്‍കുഞ്ഞുങ്ങളും രണ്ട് ആണ്‍കുഞ്ഞുങ്ങളും പിറന്നത്. സിസേറിയനിലൂടെയായിരുന്നു കുഞ്ഞുങ്ങളെ പുറത്തെടുത്തത്. എന്നാല്‍ കുഞ്ഞുങ്ങള്‍ പൂർണ ആരോഗ്യമുള്ളവരാണെങ്കിലും തൂക്കം കുറവായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്‌ടര്‍മാര്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
സാധാരണ നാല് കുഞ്ഞുങ്ങളാണെങ്കില്‍ ഗര്‍ഭിണിയായി 28-ാമത്തെ ആഴ്‌ച തന്നെ പ്രസവിക്കാനാണ് സാധ്യത ഏറെയുള്ളത്. മാത്രമല്ല പ്രസവ സമയത്ത് കുഞ്ഞുങ്ങള്‍ മരിക്കുന്ന സാഹചര്യവുമുണ്ടാകാറുണ്ട്. അതേസമയം 32 ആഴ്‌ച തികഞ്ഞതിനാലാണ് അല്‍മ ഭാനു-ആരിഫ് ദമ്പതികളുടെ കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നതെന്ന് യുവതിയെ ചികിത്സിച്ച ഡോക്‌ടര്‍ ധനഞ്ജയ സര്‍ജിയും പറഞ്ഞിരുന്നു.
ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍: ഈ സംഭവത്തിന് മാസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ കരൗളിയിലെ ഭാരത് ഹോസ്‌പിറ്റലിൽ 25 കാരിയായ യുവതി ഒറ്റ പ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. മൂന്ന് പെൺകുട്ടികൾക്കും രണ്ട് ആണ്‍കുട്ടികൾക്കുമാണ് രശ്‌മി (25) ജന്മം നൽകിയത്. വിവാഹശേഷം ഏഴ് വർഷങ്ങള്‍ക്കിപ്പുറമായിരുന്നു രശ്‌മി-അഷ്‌റഫ് അലി ദമ്പതികൾക്ക് കുഞ്ഞുങ്ങൾ പിറന്നത്. എന്നാല്‍ ഏഴാം മാസത്തിലുള്ള പ്രസവമായതിനാൽ കുഞ്ഞുങ്ങളുടെ ആരോഗ്യനില ഗുരുതരമായിരുന്നത് കൊണ്ടുതന്നെ കുഞ്ഞുങ്ങളെ കരൗളിയിലെ ചൈൽഡ് യൂണിറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.