വിജയവാഡ: ആന്ധ്രാപ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഗുരുതരാവസ്ഥയില്‍. നാലുപേര്‍ ചേര്‍ന്ന് യുവതിയെ മുറിയ്‌ക്കുള്ളില്‍ പൂട്ടിയിട്ട് മൂന്നുദിവസമാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. നിലവില്‍ വിജയവാഡ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് അതിജീവിത.
തിങ്കളാഴ്‌ചയാണ് (ഡിസംബര്‍ 19) ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. നഗരത്തിലെ ബഞ്ച് സർക്കിള്‍ പ്രദേശത്തുകാരിയാണ് സ്‌ത്രീ. ഇക്കഴിഞ്ഞ 17-ാം തിയതി ഇതേ പ്രദേശത്തെ ജോലിക്കാരനായിരുന്ന യുവാവ് സൗഹൃദം നടിച്ച് യുവതിയെ കാനൂരിലെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അവിടെവച്ച് മറ്റ് മൂന്ന് സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ചികിത്സയ്‌ക്കെത്തിയതോടെ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പെനമാലൂർ പൊലീസ് സ്ഥലത്തെത്തി. യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.