നേരല്ലപ്പള്ളി (തെലങ്കാന): കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അമ്മ മരിച്ചു. തിർമലാപൂർ ഗ്രാമത്തിലെ താമസക്കാരിയായ ജയശ്രീയാണ് (25) മരിച്ചത്. ഞായറാഴ്‌ച(24.07.2022) പുലർച്ചെ 5.30ഓടെയാണ് സംഭവം.
യുവതി രണ്ട് മാസം മുൻപാണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്‌ച(23.07.2022) ജയശ്രീക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ജയശ്രീയുടെ ഭർത്താവ് മഹബൂബ്‌നഗറിലെ സ്വകാര്യ ആശുപത്രിയിൽ ജയശ്രീയെ പ്രവേശിപ്പിച്ചിരുന്നു. ജയശ്രീക്ക് ഹൃദയ വാൽവിന് ചെറിയ തകരാർ ഉണ്ടെന്നും മരുന്ന് നൽകിയാൽ ഭേദപ്പെടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് യുവതിയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
ഇന്നലെ രാവിലെ ജയശ്രീയെ മരിച്ച നിലയിൽ മുത്തശ്ശനും മുത്തശ്ശിയുമാണ് കണ്ടത്. ജയശ്രീയുടെ മാതാപിതാക്കൾ തീർഥാടനത്തിനായി തമിഴ്‌നാട്ടിലേക്ക് പോയതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് തിമ്മാജിപേട്ടയിൽ താമസിക്കുന്ന ജയശ്രീയുടെ ഭർത്താവ് പ്രശാന്തിനെ വിവരം അറിയിക്കുകയായിരുന്നു.