മുസാഫർപൂർ: ബിഹാറിൽ മാധ്യമപ്രവർത്തകൻ രാജ്‌ദേവ് രഞ്‌ജനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ മരിച്ചതായി പ്രഖ്യാപിച്ച സാക്ഷി കോടതിയിൽ ഹാജരായി. ബദാമി ദേവി എന്ന വയോധികയാണ് സിവിൽ കോടതി ജഡ്‌ജിക്ക് മുൻപാകെ ഹാജരായി താൻ മരിച്ചിട്ടില്ല എന്ന് അറിയിച്ചത്. വോട്ടർ ഐഡി കാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകളുമായി കോടതിയിൽ ഹാജരായ ബദാമി ദേവി കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സിബിഐ താൻ മരിച്ചതായി പ്രഖ്യാപിച്ചതെന്നും ആരോപിച്ചു.
'ഹുസൂർ, ഞാൻ ജീവിച്ചിരിപ്പുണ്ട്. ഞാൻ മരിച്ചതായി സിബിഐ പ്രഖ്യാപിച്ചു. നന്നായി ആലോചിച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഞാൻ മരിച്ചതായി അവർ അറിയിച്ചത്', ബദാമി ദേവി കോടതി മുമ്പാകെ പറഞ്ഞു. ബദാമി ദേവി കേസിലെ പ്രധാന സാക്ഷിയാണെന്നും മെയ് 24 ന് സിബിഐ സമർപ്പിച്ച റിപ്പോർട്ടിലാണ് അവർ മരിച്ചതായി പ്രഖ്യാപിച്ചതെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ ശരദ് സിൻഹ പറഞ്ഞു.
'സിബിഐയുടെ ഭാഗത്തുനിന്നുള്ള വലിയ അനാസ്ഥയാണിതെന്നും രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസി ഇതുപോലെ പ്രവർത്തിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നും' സിൻഹ ചോദിച്ചു. 'സിബിഐ വയോധികയെ ബന്ധപ്പെടുക പോലും ചെയ്യാതെയാണ് മരിച്ചതായി പ്രഖ്യാപിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തതെന്നും' അദ്ദേഹം ആരോപിച്ചു. കേസിൽ കോടതി സിബിഐക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്‍റെ സിവാൻ ബ്യൂറോ ചീഫായ രഞ്‌ജൻ 2017 മേയിലാണ് വെടിയേറ്റ് മരിച്ചത്. വടക്കൻ ബിഹാറിലെ സിവാനിലെ തിരക്കേറിയ സ്റ്റേഷൻ റോഡിന് സമീപം മോട്ടോർ ബൈക്കിലെത്തിയ കുറ്റവാളികൾ അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. കേസിൽ രഞ്‌ജന്‍റെ ഭാര്യ ആശ രഞ്‌ജൻ അന്ന് അധികാരത്തിലുണ്ടായിരുന്ന ആർജെഡി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.
ലാലു പ്രസാദ് യാദവിന്‍റെ മകൻ തേജ് പ്രതാപ് യാദവിനും മറ്റൊരു ആർജെഡി നേതാവ് മുഹമ്മദ് ഷഹാബുദ്ദീനും കേസിൽ പങ്കുണ്ടെന്നും, ഇവർക്കെതിരായ വാർത്തകളുടെ പേരിലാണ് രാജ്‌ദേവ് രഞ്ജൻ കൊല്ലപ്പെട്ടതെന്നും ആശ അന്ന് ആരോപിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആർജെഡി നേതാവ് മുഹമ്മദ് ഷഹാബുദ്ദീനെ സിബിഐ കസ്റ്റഡിയിലെടുത്തു. എന്നാൽ 2018 മാർച്ചിൽ ഈ കേസുമായി ബന്ധപ്പെട്ട് തേജ് പ്രതാപിനെതിരായ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചിരുന്നു.