കൗശാമ്പി: മോഷണശ്രമത്തിനിടെ കവർച്ചക്കാരന്‍റെ വിരൽ കടിച്ചുമുറിച്ച് യുവതി. ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ വെള്ളിയാഴ്‌ചയാണ് സംഭവം. മയോഹർ ഗ്രാമത്തിലെ താമസക്കാരിയായ നിത ദേവിയാണ് മോഷ്‌ടാവിനെ ശക്തമായി നേരിട്ടത്.
വെള്ളിയാഴ്‌ച വൈകുന്നേരം മാർക്കറ്റിൽ നിന്ന് മടങ്ങി വരുമ്പോഴാണ് ഒരാൾ നിതയെ ആക്രമിച്ചത്. നിതയുടെ സ്വർണ ചെയിനും 4000 രൂപയും കവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്‌ടാവുമായി പിടിവലിയിലാകുകയായിരുന്നു. തുടർന്ന് നിത അക്രമിയുടെ കൈവിരൽ കടിച്ചുമുറിച്ചു.
വിരൽ അറ്റുപോയതോടെ മോഷ്‌ടാവ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് അറ്റുപോയ വിരലുമായി യുവതി കരാരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.