ചെന്നൈ: നിയമവിരുദ്ധമായി നടത്തിയ ജെല്ലിക്കെട്ട് ആഘോഷത്തിനിടെ കാളയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികയ്ക്ക് ഗുരുതര പരിക്ക്. തിരുവണ്ണാമലൈ ജില്ലയിലെ കണ്ണമംഗലം ഗ്രാമത്തിലാണ് കാളപ്പോരിനിടെ ഭർത്താവിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവതിയെ ജെല്ലിക്കെട്ട് കാള ഇടിച്ചുവീഴ്‌ത്തിയത്.
എല്ലാ വർഷവും ജനുവരി മാസത്തിലെ കറുത്തവാവ് ദിവസമാണ് ഗ്രാമത്തിൽ ജെല്ലിക്കെട്ട് നടക്കുന്നത്. വെല്ലൂർ, റാണിപ്പേട്ട, കാഞ്ചീപുരം, കൃഷ്‌ണഗിരി എന്നിവയുൾപ്പെടെ മറ്റ് ജില്ലകളിൽ നിന്നായി ആയിരത്തിലധികം പേരാണ് ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്നത്.
ഈ വർഷത്തെ ജെല്ലിക്കെട്ടിന് ജില്ല ഭരണകൂടം അനുമതി നൽകിയിരുന്നില്ല. എന്നാൽ വിലക്ക് ലംഘിച്ച് ജനുവരി 2ന് ഗ്രാമവാസികൾ കാളപ്പോര് മത്സരം നടത്തുകയായിരുന്നു. ഇതിനിടെ ഭർത്താവിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന സ്ത്രീയെ ജെല്ലിക്കെട്ട് കാള ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ബൈക്കിൽ നിന്നും തെറിച്ചുവീണ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യുവതി നിലവിൽ സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ണമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Also Read: തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം