സാമ്പ (ജമ്മു കശ്‌മീര്‍): ജമ്മു കശ്‌മീരിലെ സാമ്പയില്‍ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച് അമ്മ. സമൂഹ മാധ്യമത്തില്‍ മര്‍ദനത്തിന്‍റെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. സാമ്പ ജില്ലയിലെ അപ്പര്‍ കമില പുര്‍മണ്ഡല്‍ സ്വദേശി പ്രീതി ശര്‍മയാണ് അറസ്റ്റിലായത്.
23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, യുവതി ഒരു കട്ടിലില്‍ ഇരുന്ന് ആരോടോ വഴക്കിടുന്നതും മടിയില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞ് കരയുമ്പോള്‍ പ്രകോപിതയായി കുഞ്ഞിനെ ഞെരുക്കുകയും പല വട്ടം ശക്തിയായി അടിക്കുന്നതും വ്യക്തമാണ്. തുടര്‍ന്ന് കുഞ്ഞിനെ യുവതി കട്ടിലിൽ ആഞ്ഞടിക്കുന്നു. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് യുവതി നിഷ്‌കരുണം മര്‍ദിച്ചത്.
പുര്‍മണ്ഡല്‍ പൊലീസ് യുവതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മാനസികാവസ്ഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.