ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തിന് ആശ്വാസമായി കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 576 പുതിയ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇവിടെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനമായി കുറഞ്ഞു. ഇത് മാർച്ച് 18 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
ഡൽഹി സർക്കാരിന്‍റെ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം 24 മണിക്കൂറിനിടെ 103 മരണവും 1,287 പേര്‍ക്ക് രോഗമുക്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 13,93,673 ആയി. 24,402 പേരാണ് ഇതുവരെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സജീവ കേസുകള്‍ 9,364 ആണ്.
ALSO READ: ഗവേഷണത്തിലൂടെ മിത നിരക്കിൽ കൊവിഡ് മരുന്നിനുള്ള മാർഗം കണ്ടെത്തണമെന്ന് ഹർഷ് വർധൻ
73,451 കൊവിഡ് ടെസ്റ്റുകൾ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 1,94,46,544 ആയി. 24 മണിക്കൂറിനിടെ 50,658 പേർക്ക് ഡൽഹിയിൽ വാക്സിന്‍ നൽകി. ഇതോടെ വാക്സിനെടുത്തവരുടെ എണ്ണം 54,60,805 ആയി. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 19 മുതൽ ഡൽഹിയിൽ സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.