പിറ്റ്‌സ്‌ബർഗ് (പെൻസിൽവാനിയ, യുഎസ്): ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മം. അതുകൊണ്ട് തന്നെ ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന കാര്യത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ചര്‍മം എന്ന് പറയാം. ശരീരത്തെ ബാഹ്യ പരിതസ്ഥിതികളില്‍ നിന്ന് സംരക്ഷിക്കുകയെന്നതാണ് ചര്‍മത്തിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന്.
അന്തരീക്ഷത്തില്‍ നിന്ന് ശരീരത്തിനകത്തേക്ക് പ്രവേശിക്കാനിടയുള്ള രോഗാണുക്കളില്‍ നിന്നും മറ്റ് അലര്‍ജി രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത് ചര്‍മമാണ്. അതുകൊണ്ട് തന്നെ ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതിനായി ചര്‍മം സംരക്ഷിക്കേണ്ടത് അനിവാര്യമായ ഘടകം തന്നെയാണ്. മാറി മറിയുന്ന കാലാവസ്ഥ ചര്‍മത്തെ വിവിധ തരത്തിലാണ് ബാധിക്കുക.
കാലാവസ്ഥയ്‌ക്ക് അനുസരിച്ച് ചര്‍മത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും മിക്ക ആളുകളും അത് ശ്രദ്ധിക്കുന്നത് ശൈത്യകാലത്താണെന്നതാണ് വാസ്‌തവം. ശൈത്യ കാലത്ത് ചര്‍മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ പ്രകടമായിരിക്കും. കൈകാലുകള്‍ കൂടുതല്‍ വരണ്ടിരിക്കുകയും ചിലരുടെ കാല്‍ പാദത്തിനടിയില്‍ വിള്ളലുണ്ടാകുകയും ചെയ്യും. കൂടാതെ വിവിധ തരത്തിലുള്ള അലര്‍ജികള്‍ക്കും പുറമെ എക്‌സിമ, ചില്‌ബ്ലെയിൻസ്, റെയ്‌നഡ്‌സ്, കോൾഡ് യൂറിട്ടേറിയ, കോൾഡ് പാനിക്യുലൈറ്റിസ് തുടങ്ങിയവയും കാണപ്പെടുന്നു. ഇവയെല്ലാം എന്താണെന്ന് നോക്കാം..
എക്‌സിമ: ചര്‍മം കൂടുതല്‍ വരണ്ടിരിക്കുകയും അതുമൂലം വിവിധ തരത്തിലുള്ള അലര്‍ജികളുണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് എക്‌സിമ. ചില പ്രത്യേക തരത്തിലുള്ള സോപ്പുകള്‍, ഡിറ്റര്‍ജന്‍റുകള്‍ തുടങ്ങിയ വസ്‌തുക്കളുടെ ഉപയോഗം അല്ലെങ്കില്‍ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം, ചര്‍മത്തിലെ അണുബാധ തുടങ്ങിയവയും ഇത്തരം അവസ്ഥയ്‌ക്ക് കാരണമായേക്കാം.
നിരവധി തരത്തിലുള്ള എക്‌സിമകളുണ്ട്. അവയുടെയെല്ലാം ലക്ഷണങ്ങളും വ്യത്യസ്‌തമായിരിക്കും. ശൈത്യക്കാലത്ത് കൂടുതലായി പ്രത്യേകിച്ച് പ്രായമായവരില്‍ കണ്ടുവരുന്ന ഒരു തരം എക്‌സിമയാണ് അസ്റ്റീറ്റോട്ടിക് എക്‌സിമ. ചര്‍മം കൂടുതല്‍ വരണ്ട് പോവുകയും തുടര്‍ന്ന് വിള്ളലും വീക്കവും ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിലുണ്ടാകുന്ന വിള്ളലുകളിലൂടെ വിവിധ തരത്തിലുള്ള ബാക്‌ടീരിയ ശരീരത്തിനകത്തേക്ക് പ്രവേശിക്കുകയും അത് അലര്‍ജി പോലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുകയും ചെയ്യും. ഇത്തരത്തിലുണ്ടാകുന്ന എക്‌സിമ സാധാരണയായി കാണപ്പെടുന്നത് കാലുകളിലാണ്. ചില സന്ദര്‍ഭങ്ങളില്‍ ഇവ കൈകളിലും കൈ വെള്ളയിലും ഉണ്ടാകാനും സാധ്യതയുണ്ട്.
എക്‌സിമ എങ്ങനെ പരിഹരിക്കാം: ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുകയെന്നതാണ് ഈ അവസ്ഥ തരണം ചെയ്യുന്നതിനായി പ്രധാനമായും ചെയ്യേണ്ട കാര്യങ്ങളിലൊന്ന്. കൂടാതെ കൂടുതല്‍ എണ്ണമയമുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കുക. പെട്രോളിയം ജെല്ലി, മിനറൽ ഓയിൽ അല്ലെങ്കിൽ വാസ്‌ലിന്‍ എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ എക്‌സിമയ്‌ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന ഹൈപ്പോ അലോർജെനിക്, ആന്‍റി-ഇച്ച് മോയ്‌സ്‌ചറൈസര്‍ എന്നിവയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇത് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാകും.
കുളിക്കുന്നതിനായി കൂടുതല്‍ സമയം എടുക്കാതിരിക്കുകയും മൃദുവായ സോപ്പ് ഉപയോഗിച്ച് കുളിക്കുകയും ചെയ്യുക. കാലാവസ്ഥ കൂടുതല്‍ വരണ്ടതാണെങ്കില്‍ റൂം ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് കൂടുതല്‍ നല്ലതാണ്. കൈക്കാലുകളില്‍ വരള്‍ച്ചയും ചൊറിച്ചിലും അധികരിക്കുകയാണെങ്കില്‍ വേഗത്തില്‍ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിച്ച് പരിചരണം തേടണം. അതല്ലെങ്കില്‍ ചര്‍മത്തില്‍ കൂടുതല്‍ വിള്ളലുകളുണ്ടാവുകയും അതിലൂടെ രക്തസ്രാവം ഉണ്ടാകാനിടയാകുകയും ചെയ്യാം.
ചിൽബ്ലെയിൻസ്: കൂടുതല്‍ തണുപ്പേറിയതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ ചെറിയ ചൊറിച്ചിലിനെ തുടര്‍ന്ന് കൈക്കാലുകളിലും മുഖത്തും ചെവികളിലുമെല്ലാം ഉണ്ടാകുന്ന വേദനയുള്ള ചെറിയ മുഴകളാണ് ചിൽബ്ലെയിൻസ്. ഇതിനെ പെർണിയോ എന്നും അറിയപ്പെടുന്നുണ്ട്. ശരീരത്തിലെ രക്തചംക്രമണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രയാസങ്ങള്‍, രക്തക്കുഴലുകളുടെ സങ്കോചം, പ്രതിരോധ ശേഷി കുറവ്, ശരീര ഭാരത്തിന്‍റെ കുറവ് എന്നിവയും ചിലരില്‍ ചിൽബ്ലെയിൻസിന് കാരണമാകാറുണ്ട്.
ചിൽബ്ലെയിൻസ് ഉണ്ടായ ശരീര ഭാഗങ്ങളില്‍ കഠിനമായ വേദനയും വീക്കവും ഉണ്ടാകുകയും ചെയ്യും. കുമിളകള്‍ നീലകലര്‍ന്ന പര്‍പ്പിള്‍ കളറിലാണ് കാണപ്പെടുക. ചിൽബ്ലെയിൻസ് ബാധിക്കുന്ന മിക്ക ആളുകളിലും അവ ഒന്നോ രണ്ടോ ആഴ്‌ചകള്‍ക്കുള്ളില്‍ അവ സ്വമേധയ മാറുകയും ചെയ്യും. എന്നാല്‍ ചിൽബ്ലെയിൻസ് കാരണം ശാരീരികമായി കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ വേഗത്തില്‍ ഡോക്‌ടറെയോ ഡെര്‍മറ്റോളജിസ്‌റ്റിനെയും കാണുകയും വേണം.
റെയ്‌നൗഡ്‌സ് ഫിനോമിന: ചിൽബ്ലെയിൻസ് പോലെ തന്നെ തണുപ്പുള്ള കാലാവസ്ഥയില്‍ ശരീരത്തിലുണ്ടാകുന്ന അവസ്ഥയാണ് ഇത്. തണുപ്പ് കാരണം കൈക്കാലുകളിലെ വിരലുകളിലെ രക്തക്കുഴലുകള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് റെയ്‌നൗഡ്‌സ് ഫിനോമിന. ഇത് ബാധിച്ച ശരീര ഭാഗങ്ങള്‍ ചുവപ്പ്, നീല എന്നീ കളറുകളില്‍ കാണപ്പെടുന്നു. മാത്രമല്ല ഇവിടങ്ങളില്‍ കടുത്ത വേദനയും മരവിപ്പും അനുഭവപ്പെടും.
ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നവര്‍ തണുപ്പിനെ ചെറുക്കാന്‍ കഴിയുന്ന തരത്തിലുള്ള വസ്‌ത്രങ്ങളും പാദരക്ഷകളും ഉപയോഗിക്കാന്‍ ശ്രമിക്കുക. രക്തക്കുഴകള്‍ കൂടുതല്‍ ചുരുങ്ങാന്‍ ഇടയാകുന്ന പുകയില, കഫീൻ, ഡീകോംഗെസ്റ്റന്‍റുകള്‍ എന്നിവ ഒഴിവാക്കുക. റെയ്‌നൗഡ് ബാധിച്ചാല്‍ വേഗത്തില്‍ ചികിത്സ തേടുക.
കോൾഡ് ഉർട്ടികാരിയ: ശരീരത്തിലുണ്ടാകുന്ന ഒരു തരം തിണര്‍പ്പാണിത്. തണുത്ത കാലാവസ്ഥയില്‍ ചിലരില്‍ ഇവ പ്രത്യക്ഷപ്പെടാറുണ്ട്. അമിത തണുപ്പ് കാരണം ശരീരത്തില്‍ ചൊറിച്ചിലുണ്ടാകുകയും തുടര്‍ന്ന് ആ ഭാഗങ്ങള്‍ വീര്‍ത്തിരിക്കുകയും ചെയ്യും. ചിലരില്‍ ഇത്തരം ചൊറിച്ചിലുകളും അസ്വസ്ഥതകളും രണ്ട് മണിക്കൂര്‍ നീണ്ട് നില്‍ക്കും. അമിതമായി ചൊറിച്ചില്‍ കാരണം ചിലരില്‍ തലവേദന, വിറയൽ, ശ്വാസതടസം, വയറുവേദന, വയറിളക്കം എന്നിവയുമുണ്ടാകാനിടയുണ്ട്.
നിങ്ങള്‍ കോൾഡ് ഉർട്ടികാരിയ ബാധിതരാണോ എന്നറിയാം: ശരീരത്തില്‍ ഐസ് ക്യൂബ് ഉപയോഗിച്ച് ചെറിയ ഒരു പരീക്ഷണം നടത്തിയാല്‍ നിങ്ങള്‍ക്ക് കോൾഡ് ഉർട്ടികാരിയ ഉണ്ടോ എന്നറിയാനാകും. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം. ഒരു ഐസ് ക്യൂബ് എടുത്ത് നിങ്ങളുടെ ചര്‍മത്തില്‍ എവിടെയെങ്കിലും അഞ്ച് മിനിറ്റ് നേരം അമര്‍ത്തി പിടിക്കുക.
അഞ്ച് മിനിറ്റ് ശേഷം ഐസ് ക്യൂബ് എടുത്ത് മാറ്റുക. തുടര്‍ന്നുള്ള അഞ്ച് മുതല്‍ 15 മിനിറ്റ് ഐസ് ക്യൂബ് വച്ച ചര്‍മ ഭാഗം നിരീക്ഷിക്കുക. ആ ഭാഗത്ത് ചൊറിച്ചിലും തിണര്‍പ്പും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ കോൾഡ് ഉർട്ടികാരിയ ബാധിതരാണെന്ന് മനസിലാക്കാം. കോൾഡ് ഉർട്ടികാരിയ ബാധിതര്‍ തണുത്ത വെള്ളത്തിൽ നീന്തുന്നത് അപകടമാണ്. കാരണം അത് അവരുടെ ബോധം നഷ്‌ടപ്പെടാനും തന്മൂലം വെള്ളത്തില്‍ മുങ്ങുന്നതിനും അത് മരണത്തിനും കാരണമായേക്കാം.
കോൾഡ് പാനിക്കുലൈറ്റിസ്: തണുത്ത കാലാവസ്ഥയില്‍ ശരീരത്തില്‍ ചെറിയ വീക്കങ്ങളോ മുഴകളോ രൂപപ്പെടുന്ന അവസ്ഥയാണിത്. വിവിധ തരത്തിലുള്ള പോപ്‌ക്കിള്‍സ്(ഐസ്) കഴിക്കുന്നവരിലാണ് ഇത് കൂടുതലായും കാണപ്പെടുക. ചിലരില്‍ ഐസ് കഴിച്ച് കഴിഞ്ഞാല്‍ ചുണ്ടുകള്‍ വീര്‍ത്തിരിക്കാറുണ്ട്. ഇത് ഒരു തരം കോൾഡ് പാനിക്കുലൈറ്റിസ് തന്നെയാണ്. ഇത്തരത്തില്‍ ബാധിക്കുന്ന വീക്കം അല്‍പ സമയത്തിന് ശേഷം സ്വയം അപ്രത്യക്ഷമാകുകയും ചെയ്യും. തണുപ്പുള്ള വസ്‌തുക്കള്‍ കഴിക്കാതിരിക്കുകയാണ് ഇത് പരിഹരിക്കുന്നതിനുള്ള പ്രധാന മാര്‍ഗം.
എന്നാല്‍ ഇത്തരത്തിലുണ്ടാകുന്ന അവസ്ഥ കൂടുതല്‍ വഷളാവുകയും അത് കാരണം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയുമാണെങ്കില്‍ വേഗത്തില്‍ ഡെര്‍മറ്റോളജിസ്‌റ്റിനെ സന്ദര്‍ശിച്ച് ചികിത്സ തേടുന്നത് നന്നായിരിക്കും. ഇനി നിങ്ങൾക്ക് ഒരു ഡെർമറ്റോളജിസ്റ്റിനെ നേരില്‍ കാണാന്‍ പ്രയാസമാണെങ്കില്‍ പല അക്കാദമിക് മെഡിക്കൽ സെന്‍ററുകളും സ്വകാര്യ പ്രാക്‌ടീസുകളും ഇപ്പോൾ ടെലിഹെൽത്ത് ഡെർമറ്റോളജി വാഗ്‌ദാനം ചെയ്യുന്നുണ്ട്. അവയുടെ സഹായം തേടാവുന്നതാണ്.