ഗാസിയാബാദ്: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം 15ആം ദിവസത്തിലേക്ക് കടക്കുമ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നത് വരെ ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ അഞ്ച് ഭേദഗതികള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചെങ്കിലും അത് അംഗീകരിക്കാൻ കര്‍ഷകര്‍ തയാറായിട്ടില്ല. ഒപ്പം വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാൻ പുതിയ ബില്ല് പാസാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
"നിയമങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന്‍റെ പുതിയ നിർദ്ദേശത്തിൽ പരാമർശമില്ല. ഭേദഗതി മാത്രമാണ് അവര്‍ വാഗ്ദാനം നല്‍കുന്നത്. എന്നാല്‍ നിയമങ്ങൾ റദ്ദാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. നിയമങ്ങൾ പിൻവലിക്കുമ്പോൾ മാത്രമേ ഞങ്ങൾ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂ. പ്രതിഷേധം അവസാനിപ്പിക്കാൻ മാത്രമാണ് സർക്കാരിന് താൽപര്യമെന്നും കര്‍ഷക ക്ഷേമം അവരുടെ ലക്ഷ്യമല്ലെന്നും ഭാരത് കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു. താങ്ങുവില സംബന്ധിച്ച് സർക്കാരിന് കൃത്യമായ നയമില്ല. മൂന്ന് ബില്ലുകൾ സർക്കാർ കൊണ്ടുവന്നതുപോലെ താങ്ങുവിലയെക്കുറിച്ചും ഒരു ബിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരുമായി ഇനിയും കൂടിക്കാഴ്ചയ്ക്ക് തയാറാണ്"- കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിസംബർ 14 ന് ജില്ലാ മജിസ്‌ട്രേറ്റിന് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും ടിക്കൈറ്റ് കൂട്ടിച്ചേർത്തു. ഡിസംബർ 14 ന് ബിജെപി ഓഫീസുകൾക്ക് സമീപം കുത്തിയിരിപ്പ് സമരം നടത്തുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ഡിസംബർ 12 ന് ഡല്‍ഹി-ജയ്‌പൂർ ദേശീയ പാത തടയും. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള കർഷകരോട് ഡല്‍ഹിയിലെത്താൻ ആഹ്വാനം നൽകിയിട്ടുണ്ടെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.