കുടക്: കർണാടകയിലെ ചെയ്യന്തനെക്ക് സമീപം മയക്കുവെടിയേറ്റ ആനക്കുട്ടി ചരിഞ്ഞു. കാപ്പിത്തോട്ടത്തിൽ കുടുങ്ങിയ ആനക്കുട്ടിയെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമിത അളവിലുള്ള വെടിയേറ്റാണ് ആന ചരിഞ്ഞതെന്നാണ് ആരോപണം.
കുടകിലെ ചെയ്യന്തനെക്ക് സമീപം മാറണ്ടോട മേഖലയിലെ കാപ്പിതോട്ടത്തിലാണ് 13 വയസുള്ള ആനക്കുട്ടി അകപ്പെട്ടത്. തുടർന്ന് കുംകി ആനകളെ എത്തിച്ച് പുറത്തെത്തിക്കാനുള്ള ശ്രമം നടത്തി. ഇത് പരാജയപ്പെട്ടതോടെ മയക്കുവെടി വെയ്‌ക്കുകയായിരുന്നു.
വെടിയേറ്റ ആനക്കുട്ടി ചരിഞ്ഞു. മയക്കുവെടിയിൽ ഉപയോഗിച്ച മരുന്നിന്‍റെ അളവ് കൂടിയതാണ് ആന ചരിയാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.