ഈറോഡ് (തമിഴ്‌നാട്): ഒറ്റയാന റോഡ് തടഞ്ഞതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി. ഈറോഡിലെ ആന്തിയൂരിന് സമീപം ബര്‍ഗുര്‍ വനത്തിന് സമീപമുള്ള റോഡിലാണ് സംഭവം. തേവര്‍മലൈ സ്വദേശി ശിവമ്മയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്.
ബുധനാഴ്‌ച അര്‍ധരാത്രിയോടെ ശിവമ്മക്ക് പ്രസവ വേദന ആരംഭിച്ചു. ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സില്‍ പോകുന്ന വഴി താമരക്കാരൈ-ബര്‍ഗുര്‍ റോഡില്‍ വച്ചാണ് റോഡില്‍ കുറുകെ നില്‍ക്കുന്ന കൊമ്പനെ കണ്ടത്. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ വാഹനം റോഡിനോരം ചേര്‍ന്ന് നിര്‍ത്തി.
റോഡില്‍ നിന്ന് കൊമ്പന്‍ മാറാന്‍ അര മണിക്കൂര്‍ കാത്ത് നിന്നെങ്കിലും ഒറ്റയാന മാറിയില്ല. ഇതിനിടെ യുവതിയുടെ പ്രസവ വേദന കലശലായി. ഇതോടെ പ്രസവം ആംബുലന്‍സില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായ മെഡിക്കല്‍ ജീവനക്കാരും യുവതിയുടെ ഭര്‍ത്താവും ചേര്‍ന്നാണ് പ്രസവമെടുത്തത്.
ശിവമ്മ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തിന് പിന്നാലെ കൊമ്പനും കാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും ബര്‍ഗുറിലുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.
Also read: ഞെട്ടിപ്പിക്കുന്ന കാഴ്ച: റോഡരികില്‍ പ്രസവിച്ച് യാചക, സ്വകാര്യത തുണികൊണ്ട് മറച്ച് കുട്ടികള്‍